നാല് വര്‍ഷത്തിനിടെ തമിഴകത്ത് നിന്ന് പാര്‍ട്ടികള്‍ പിരിച്ചെടുത്തത് 121 കോടി

ചെന്നൈ: നാലു വര്‍ഷത്തിനിടെ (2010 മുതല്‍ 14 വരെ) തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനായി പിരിച്ചെടുത്തത് 121 കോടി രൂപ. ഇതില്‍ 112 കോടിയും ലഭിച്ചത് കലൈഞ്ജര്‍ കരുണാനിധി അധ്യക്ഷനായ ദ്രാവിഡ മുന്നേറ്റ കഴകത്തിനാണ്. അതേസമയം സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി.എം.കെ  4.17 കോടി രൂപാ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു. പുറത്തുവിട്ടത് . ബാക്കി വരുന്ന അഞ്ച് കോടിക്കടുത്ത് മറ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയതാണ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ വിജയകാന്തിന്‍െറ ഡി.എം.ഡി.കെക്കും ഇടതുപാര്‍ട്ടികള്‍ക്കും ലഭിച്ചത് ഒരു കോടിക്ക് അടുത്താണ്. തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയ കണക്കാണ് പുറത്തുവന്നത്.

സംഭാവന ഇനത്തില്‍ 2013-14 ല്‍ ഡി.എം.കെക്ക് ലഭിച്ചതാണ് ചരിത്രത്തിലെ ഏറ്റവും വലിയ തുക, 78.79 കോടി. വ്യക്തികളും സംഘടനകളും വ്യാപാര സ്ഥാപനങ്ങളും അടക്കം 259 പേരാണ് ഇത്രയും  തുക നല്‍കിയത്. മുന്‍ മന്ത്രിമാരായ ഐ. പെരിയസാമിയും ഇ.വി വേലുവുമാണ് പാര്‍ട്ടിലെ കാര്യമായി സഹായിച്ചിരിക്കുന്നത്. അയ്യായിരം രൂപാ മുതല്‍ നല്‍കിയവരുടെ കണക്ക് മുഖപത്രമായ മുരശൊലിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇവരുടെ പേരു വിവരം തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുണ്ടെന്നും ഡി.എം.കെ വക്താവയ ടി.കെ.എസ് ഇളങ്കോവന്‍ വ്യക്തമാക്കി. ഈ കാലയളവില്‍ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെക്ക് 1.03 കോടിയും ഡോ. എസ്. രാംദാസ് നേതൃത്വം നല്‍കുന്ന പട്ടാളി മക്കള്‍ കക്ഷിക്ക് 3.44 കോടിയും മുഖ്യപ്രതിപക്ഷമായ ഡി.എം.ഡി.കെക്ക് 49 ലക്ഷവും ലഭിച്ചു. തൊഴിലാളി സംഘടനയായ അണ്ണാ തൊഴിര്‍ സംഘ പേരവൈയാണ് അണ്ണാ ഡി.എം.കെക്ക് സംഭാവന നല്‍കിയവരില്‍ മുന്‍പന്തിയിലുള്ളതത്രെ. ചെന്നൈ മേയര്‍ എസ്. ദുരൈസാമി 52 ലക്ഷം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി സ്ഥാപക ദിനത്തിലും തങ്ങളുടെ ജന്മദിനത്തിലും പ്രവര്‍ത്തകരെ നേരിട്ട് കണ്ട് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് സംഭാവന സ്വീകരിക്കുന്ന കീഴ്വഴക്കമുണ്ട് തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക്. ഇത്തരം ആഘോഷങ്ങളില്‍ കരുണാനിധി സജീവമായി പങ്കെടുക്കാറുണ്ടെങ്കിലും അഴിമതി കേസുകളില്‍പ്പെട്ട് ജയിലിലായതിനു ശേഷം ജയലളിത ഇത് പ്രോത്സാഹിപ്പിക്കാറില്ല. അതേസമയം, അണ്ണാ ഡി.എം.കെ നല്‍കിയ കണക്കില്‍ അഴിമതി വിരുദ്ധ സംഘടനകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപ മുതല്‍ സംഭാവന നല്‍കുന്നവരുടെ പേര് വിവരം  പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നാണ് നിയമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.