ജെ.എൻ.യു: വിദ്യാർഥികൾക്കെതിരായ തെളിവുകൾ പൊലീസിന്‍റെ കൈയ്യിലുണ്ട് -കമീഷണർ

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥികളുടെ മേൽ ചുമത്തിയ രാജ്യദ്രോഹകുറ്റം തെളിയിക്കുന്ന വിഡിയോയും ഫോട്ടോകളും പൊലീസിന്‍റെ കൈയ്യിലുണ്ടെന്ന് കമീഷണർ ബി.എസ് ബസ്സി. കേസ് എൻ.ഐ.എക്കോ പ്രത്യേക അന്വേഷണ സംഘത്തിനോ കൈമാറുമെന്ന വാർത്ത കമീഷണർ നിഷേധിച്ചു. പൊലീസ് തന്നെ ഈ കേസ് അന്വേഷിക്കുമെന്നും ബസ്സി വ്യക്തമാക്കി.

തീവ്രവാദ ഗ്രൂപ്പുകളുമായി വിദ്യാർഥികൾക്ക് ബന്ധമുണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കും. അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇക്കാര്യം പറയാനാവൂ. വിദ്യാർഥികളെ അനുകൂലിച്ച് ഹാഫിസ് സഈദിന്‍റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ട സംഭവവും പൊലീസ് ഗൗരവപൂർവം അന്വേഷിക്കുന്നുണ്ടെന്നും കമീഷണർ അറിയിച്ചു.

 

പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാല അധ്യാപകരും ജീവനക്കാരും ഇന്ന് മുതല്‍ പണിമുടക്കും. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥിയൂണിയന്‍ പ്രസിഡന്‍റിനെ വിട്ടയക്കുക, വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുക, കാമ്പസില്‍ നിന്ന് പൊലീസിനെ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചും വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുമാണ് സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും പണിമുടക്കുന്നത്.

സര്‍വകലാശാല ദേശവിരുദ്ധരുടെ കേന്ദ്രമാണെന്ന തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമം നടക്കുന്നതായും അധ്യാപകര്‍ ആരോപിക്കുന്നു. ജെ.എന്‍.യുവിലെ അഫ്സല്‍ഗുരു അനുസ്മരണത്തിനും പ്രതിഷേധങ്ങള്‍ക്കും ലശ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദിന്‍റെ പിന്തുണയുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ ആരോപണത്തിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.