‘നമ്പർ വൺ ഭീകരവാദി, നാവരിയുന്നവർക്ക് 11 ലക്ഷം, മുത്തശ്ശിയുടെ വിധിയുണ്ടാകും’; രാഹുലിനെതിരായ ​കൊലവിളികളിൽ കോൺഗ്രസ് പരാതി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണിയടക്കം മുഴക്കിയവർക്കെതിരെ പരാതിയുമായി ​കോൺ​ഗ്രസ്. രാജ്യത്തെ നമ്പർ വൺ ഭീകരവാദിയെന്ന് വിളിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് സിങ് ബിട്ടു ഉൾ​പ്പെടെയുള്ളവർ​ക്കെതിരെയണ് പരാതി. മുതിർന്ന നേതാവ് അജയ് മാക്കനും അഖിലേന്ത്യ മഹിള കോൺഗ്രസ് അധ്യക്ഷ അൽക ലംബയുമാണ് നടപടി ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചത്. ബി.ജെ.പി നേതാവ് തൻവീന്ദർ സിങ് മർവ, ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്‍വാദ്, ഉത്തർ​പ്രദേശ് മന്ത്രി രഘുരാജ് സിങ് എന്നിവർക്കെതിരെയും പരാതികളിൽ നടപടി ആവശ്യപ്പെടുന്നുണ്ട്. പരാതിയുടെ പകർപ്പ് തെരഞ്ഞെടുപ്പ് കമീഷനും നൽകിയിട്ടുണ്ട്.

‘15.09.2024ന് റെയിൽവേ സഹമന്ത്രി രവ്നീത് ബിട്ടു മാധ്യമങ്ങളോട് സംസാരിക്കവെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്തെ നമ്പർ വൺ ഭീകരവാദി എന്ന് വിശേഷിപ്പിച്ചു. അക്രമവും സമാധാന ലംഘനവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ വിദ്വേഷവും രോഷവും ഉണ്ടാക്കാൻ ബിട്ടു ബോധപൂർവം പ്രസ്താവന നടത്തുകയായിരുന്നു. ഇത് ടെലിവിഷൻ ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു’ -അജയ് മാക്കൻ നൽകിയ പരാതിയിൽ പറയുന്നു. യു.പി മന്ത്രിയായ രഘുരാജ് സിങ്ങും ‘രാജ്യത്തെ നമ്പർ വൺ ഭീകരവാദി’ എന്നാണ് രാഹുലി​നെ വിശേഷിപ്പിച്ചത്.

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയയാളാണ് പരാതിയിൽ പരാമർശിക്കുന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ തർവീന്ദർ സിങ് മർവ. ‘രാഹുൽ ഗാന്ധി, നിങ്ങൾ നന്നായി പെരുമാറണം, അല്ലാത്തപക്ഷം, വരും കാലങ്ങളിൽ നിങ്ങളുടെ മുത്തശ്ശിയുടെ അതേവിധി നിങ്ങൾ നേരിടേണ്ടിവരും’ എന്നിങ്ങനെയായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ വധം ഓർമപ്പെടുത്തിയായിരുന്നു പ്രസംഗം.

രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്നായിരുന്നു ശിവസേന ഷിണ്ഡെ വിഭാഗം എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദി​ന്റെ വാഗ്ദാനം. സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം.

യു.എസിലെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശമായിരുന്നു കേന്ദ്ര മന്ത്രി ബിട്ടുവിനെ ചൊടിപ്പിച്ചത്. രാഹുൽ ഒന്നാന്തരം ഭീകരവാദിയാണെന്നും രാജ്യദ്രോഹികൾ അദ്ദേഹത്തിന് പിന്തുണ നൽകുന്നുണ്ടെന്നും ബിട്ടു ആരോപിച്ചു. രാഹുലിനെ പിടികൂടുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. യു.എസ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 


Full View


Tags:    
News Summary - Congress files complaint against Union minister Ravneet Bittu and others

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.