മേക് ഇന്‍ ഇന്ത്യയില്‍ തീപിടിത്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന്

മുംബൈ: മേക് ഇന്‍ ഇന്ത്യ വാരത്തിന്‍െറ ഭാഗമായ  സാംസ്കാരിക, കലാപരിപാടികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ദക്ഷിണ മുംബൈയിലെ ഗിര്‍ഗാവ് ചോപാതി ബീച്ചില്‍ വേദിയൊരുക്കിയത് മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് റിപ്പോര്‍ട്ട്. കലാപരിപാടിക്കിടെ ഞായറാഴ്ച വേദിക്ക് തീപിടിച്ചെങ്കിലും വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

വേദി പൂര്‍ണമായി കത്തിനശിച്ചു. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ കാവ്യാലാപനം നടത്തി വേദിവിട്ട് കാറില്‍ കയറിയതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്. കാവ്യാലാപനവുമായി നടന്‍ ആമിര്‍ഖാനും നൃത്തവുമായി നടി ഹേമമാലിനിയും വേദിയിലത്തെിയിരുന്നു. മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യവസായ, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരും ബോളിവുഡ്, മറാത്തി സിനിമാ മേഖലയിലുള്ളവരും വിദേശ പ്രതിനിധികളും സദസ്സിന്‍െറ മുന്‍നിരയിലുണ്ടായിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വേദിയുടെ അടിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മേക് ഇന്‍ ഇന്ത്യ വാരത്തിലേക്ക് ലോകശ്രദ്ധ പതിഞ്ഞിരിക്കെ വേദിയിലെ തീപിടിത്തം കേന്ദ്രത്തിനും മഹാരാഷ്ട്ര സര്‍ക്കാറിനും നാണക്കേടായി. സുരക്ഷാ മുന്നറിയിപ്പുകള്‍ സംഘാടകര്‍ അവഗണിച്ചെന്നാണ് അഗ്നിശമനസേനാ വിഭാഗം പറയുന്നത്. നേരത്തേ ജനങ്ങളുടെ സുരക്ഷയുടെ പേരില്‍ ബോംബെ ഹൈകോടതി ചോപാതിയില്‍ പരിപാടിക്ക് അനുമതി നല്‍കാന്‍ വിസമ്മതിച്ചിരുന്നു.

സുപ്രീംകോടതിയെ സമീപിച്ചാണ് സര്‍ക്കാര്‍ പിന്നീട് അനുമതി നേടിയത്. വേദിയില്‍ കലാപരിപാടികളുടെ ഭാഗമായി ചെറുപടക്കങ്ങള്‍പോലും ഉപയോഗിക്കരുതെന്ന് അഗ്നിശമനസേന രേഖാമൂലം സംഘാടകരോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, ഇതു പാലിക്കപ്പെട്ടിട്ടില്ളെന്നും അട്ടിമറിശ്രമം നടന്നോയെന്ന് അന്വേഷിക്കുമെന്നും അഗ്നിശമനസേന പറഞ്ഞു. 2001ല്‍ വിവിധ കമ്മിറ്റികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍പ്രകാരം 2005 മുതല്‍ ഗിര്‍ഗാവ് ചോപാതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ബോംബെ ഹൈകോടതി വിലക്കിയിരുന്നു. ബീച്ചില്‍ നിര്‍മാണങ്ങള്‍ അനുവദിച്ചുകൂടാ എന്നതാണ് വിലക്കിന്‍െറ ഒരു കാരണം. 

തൊട്ടടുത്ത നിരത്ത് പ്രധാന നിരത്തായതിനാല്‍ ഗതാഗത ക്കുരുക്കുണ്ടാകുമെന്നും  വന്‍ ജനാവലിയെ ആകര്‍ഷിക്കുമെന്നതിനാല്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 1000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ളതാണ് മേക് ഇന്‍ ഇന്ത്യക്കായി ചോപാതിയില്‍ ഒരുക്കിയ വേദി. തീ പടര്‍ന്നപ്പോഴേക്കും രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.