ന്യൂഡൽഹി: ജെ.എന്‍.യു വിദ്യാർഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാറിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജാമ്യത്തിനായി ഹൈകോടതിയെയോ വിചാരണകോടതിയെയോ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ്. തള്ളിയാല്‍ മാത്രം മേല്‍ക്കോടതികളെ സമീപിക്കാം. കീഴ്ക്കോടതികളിൽ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതിയൊഴിച്ച് മറ്റ് കോടതികളെല്ലാം കഴിവില്ലാത്തവയാണെന്ന സന്ദേശമായിരിക്കും അത് നൽകുകയെന്നും കോടതി അഭിപ്രായപ്പെട്ടു.
എല്ലാ കോടതിയിലും സുരക്ഷാപ്രശ്നം ഉണ്ടെന്ന ഹരജിയിലെ വാദം അംഗീകരിക്കാനാവില്ല. കേന്ദ്രസർക്കാരും ഡൽഹി പൊലീസും സുരക്ഷ ഉറപ്പാക്കുമെന്ന പറഞ്ഞ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഡൽഹി ഹൈകോടതിയോട് കനയ്യകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. കനയ്യകുമാറിന് കൂടുതൽ സുരക്ഷയും ഉറപ്പാക്കുമെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയെ അറിയിച്ചു. കനയ്യകുമാറിന്‍റെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസ് എതിർത്തില്ല. അതേസമയം, നടപടിക്രമങ്ങൾ പാലിച്ചല്ല ജാമ്യാപേക്ഷ സമർപ്പിച്ചതെന്ന് ഡൽഹി പൊലീസ് ചൂണ്ടിക്കാട്ടി.
തനിക്കെതിരേ ഡല്‍ഹി പോലീസ് ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്നും കേസില്‍ അന്തിമ വിധി വരുന്നതുവരെ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കനയ്യകുമാര്‍ ജാമ്യത്തിനായി ഡല്‍ഹി ഹൈകോടതിയെ സമീപിക്കും.
സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം തേടി പട്യാല കോടതിയെ സമീപിക്കാനാവുന്നില്ലെന്നും ജയിലില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ജസ്റ്റിസ് ജെ. ചേലമേശ്വര്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സോളി സൊറാബ്ജിയും കനയ്യ കുമാറിന് വേണ്ടി ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.