ന്യൂഡല്‍ഹി: ജാട്ട് പ്രക്ഷോഭകര്‍ക്ക് വഴങ്ങി സംവരണപ്രശ്നത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക പിന്നാക്കവിഭാഗത്തിനുകീഴില്‍ ജാട്ട് സമുദായക്കാര്‍ക്ക് സംവരണം ലഭ്യമാക്കാന്‍ നിയമസഭയില്‍ ബില്‍ കൊണ്ടുവരും. സര്‍വകക്ഷിയോഗത്തിലെ ധാരണക്കനുസൃതമായാണ് തീരുമാനമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിശദീകരിച്ചു.
ജാട്ട് പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷപാര്‍ട്ടികള്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജാട്ട് ക്വോട്ട സംബന്ധിച്ച് നിലപാടറിയിക്കാന്‍ തല്‍പരകക്ഷികളോടും പാര്‍ട്ടികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ ബില്‍ പാസാക്കിയാലും സംവരണം നടപ്പാകാന്‍ കേന്ദ്രാനുമതി ആവശ്യമാണ്. കോടതികളുടെ തീര്‍പ്പിനും വിധേയമാണ്. രാജസ്ഥാനിലെ ഗുജ്ജര്‍ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയതടക്കം വിവിധ നിയമസഭകളുടെ സംവരണതീരുമാനം സുപ്രീംകോടതി കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.