ജാട്ട്: സംവരണം നൽകാൻ തീരുമാനം; പ്രക്ഷോഭം അവസാനിപ്പിക്കാൻ നേതാക്കളുടെ ആഹ്വാനം

ചണ്ഡിഗഢ്: ജാട്ട് സമുദായക്കാര്‍ക്ക് ഒ.ബി.സി പരിഗണന നല്‍കാനുള്ള ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനംചെയ്തു.ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ജാട്ട് നേതാക്കള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, ഡല്‍ഹി പൊലീസ് കമീഷണര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്.

യോഗത്തിനുശേഷം ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതായി അറിയിച്ച ജാട്ട് സംഘര്‍ഷ് സമിതി നേതാവ് ജയ്പാല്‍ സിങ് സാങ്വാന്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ആഹ്വാനംചെയ്യുകയായിരുന്നു. ഹരിയാന നിയമസഭയുടെ അടുത്ത സെഷനില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ഹരിയാനയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് അനില്‍ ജെയ്ന്‍ പറഞ്ഞു. മുതിര്‍ന്ന കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ജാട്ടുകളുടെ ആവശ്യം വിലയിരുത്തും.
 
റോത്തക്, കൈത്താല്‍, ജജ്ജാര്‍ ജില്ലകളിലായാണ് 12 പേര്‍ മരിച്ചത്. 150ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഞായറാഴ്ച കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറി. ഭിവാനി, സോനിപത് ജില്ലകളില്‍ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് സ്റ്റേഷനുകളും കടകളും എ.ടി.എമ്മുകളും കത്തിച്ചു. സോനിപത് ജില്ലയിലെ ഗൊഹാനയില്‍ ജനക്കൂട്ടം കടകള്‍ തീയിട്ട് നശിപ്പിക്കുകയും രണ്ട് ബസുകളും മോട്ടോര്‍സൈക്കിളും കത്തിക്കുകയും ചെയ്തു. ഭിവാനി ജില്ലയില്‍ എ.ടി.എം കത്തിച്ച ആക്രമികള്‍ ലൊഹാരുവിലെ സഹകരണ ബാങ്കിലെ ഒൗദ്യോഗിക രേഖകള്‍ നശിപ്പിച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 154 എഫ്.ഐ.ആറുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ 1200 സൈനികരെക്കൂടി നിയോഗിച്ചു. ഹരിയാന വഴിയുള്ള റോഡ്, റെയില്‍ ഗതാഗതം താറുമാറാണ്. ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ജമ്മു-കശ്മീര്‍, രാജസ്ഥാന്‍, ചണ്ഡിഗഢ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. മിക്ക റൂട്ടുകളിലും തടസ്സത്തെതുടര്‍ന്ന് സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തു. 1000ത്തോളം ട്രെയിനുകളുടെ സര്‍വിസിനെ സമരം ബാധിച്ചപ്പോള്‍ വിമാനയാത്രാനിരക്ക് കുത്തനെ ഉയര്‍ന്നു. കൂടുതല്‍ വിമാന സര്‍വിസുകള്‍ നടത്താന്‍ വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോടാവശ്യപ്പെട്ടു.
അതിനിടെ, പ്രക്ഷോഭം ഉത്തര്‍പ്രദേശിലേക്കും ഡല്‍ഹിയിലേക്കും പടര്‍ന്നു. ഉത്തര്‍പ്രദേശില്‍ ഖാപ് പഞ്ചായത്ത് നേതാക്കള്‍ റോഡുകള്‍ തടസ്സപ്പെടുത്തി. യു.പി-ഹരിയാന ദേശീയപാതയില്‍ മൂന്ന് കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാര്‍ ജാട്ടുകളുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ബി.എസ്.പി നേതാവ് മായാവതി ജാട്ടുകള്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.