ന്യൂഡല്‍ഹി: മുസഫര്‍നഗര്‍ കലാപത്തിന്‍െറ ഇരകള്‍ക്ക് കോടതിയില്‍നിന്ന് നീതിയില്ല. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയും പണം നല്‍കിയും സ്വാധീനിച്ച് കൂട്ടത്തോടെ അട്ടിമറിക്കുകയാണ്. കലാപത്തിനിടെ 30കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ ആറു പ്രതികളെ കഴിഞ്ഞയാഴ്ച മുസഫര്‍നഗര്‍ കോടതി വെറുതെവിട്ടു. കലാപത്തില്‍ 17കാരനെ കൊന്ന കേസില്‍ 10 പ്രതികളെ വെറുതെവിട്ടത് ജനുവരി അവസാനമാണ്.
കലാപവുമായി ബന്ധപ്പെട്ട് കൊള്ള, കൊല, തീവെപ്പ്, വധശ്രമം തുടങ്ങി ആകെ 567 കേസുകളാണുള്ളത്. ഇതില്‍ 50ഓളം കേസുകളില്‍ വിവിധ കോടതികള്‍ പ്രതികളെ വെറുതെവിട്ടു. 2013 സെപ്റ്റംബറില്‍ നടന്ന മുസഫര്‍നഗര്‍ കലാപത്തില്‍ നൂറോളംപേര്‍ കൊല്ലപ്പെട്ടു. വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയായി.
പതിനായിരങ്ങള്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. അഭയാര്‍ഥികളാക്കപ്പെട്ടവര്‍ പിറന്നനാട്ടില്‍ തിരിച്ചുവരാനാകാതെ ദുരിതജീവിതം നയിക്കവെയാണ് കോടതിയിലും ഇവര്‍ക്ക് നീതിനിഷേധിക്കപ്പെടുന്നത്.
മുഹമ്മദ് ഇഖ്ബാല്‍ എന്നയാളുടെ മകന്‍ കൊല്ലപ്പെട്ട കേസും ഇതിലുണ്ട്. കേസിലെ മുഖ്യസാക്ഷിയായ പിതാവിന്, മകന്‍െറ ഘാതകരെ തിരിച്ചറിഞ്ഞിട്ടും കോടതിമുമ്പാകെ അറിയില്ളെന്ന് പറയേണ്ടിവന്നു.
മുഖ്യസാക്ഷി കൂറുമാറിയെന്ന പേരില്‍ കോടതി മകന്‍െറ ഘാതകരായ ഒമ്പതുപേരെ വെറുതെ വിട്ടപ്പോള്‍ മാതാവ് സല്‍മക്ക് പറയാനുള്ളത് ഇത്രമാത്രം. ‘ഞങ്ങള്‍ക്ക് ഇനിയും സഹിക്കാനാവില്ല. അവരെ ദൈവം ശിക്ഷിക്കട്ടെ.’ കേസുമായി നടന്ന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ എന്തൊക്കെ ഭീഷണി അനുഭവിച്ചുവെന്ന് ഞങ്ങള്‍ക്കേ അറിയൂവെന്നും കുടുംബത്തില്‍ ബാക്കിയുള്ള ജീവന്‍കൂടി അപകടത്തിലായതോടെയാണ് കോടതിയില്‍ കൂറുമാറിയതെന്നും ഇഖ്ബാല്‍ പറയുന്നു.
മുസഫര്‍നഗര്‍ കലാപത്തിനിടെ കൂട്ടമാനഭംഗത്തിനിരയായ അനേകം സ്ത്രീകളില്‍ ആദ്യം പരാതി നല്‍കാന്‍ ചങ്കൂറ്റംകാണിച്ച 30കാരിയാണ് കഴിഞ്ഞയാഴ്ച കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴിമാറ്റിയത്. മകന്‍െറ കഴുത്തിന് കത്തിവെച്ച് ഭീഷണി ആവര്‍ത്തിക്കുന്നത് തടയാന്‍ ഗ്രാമവാസികള്‍ ആരും തയാറാകാത്തപ്പോള്‍ മൊഴി മാറ്റുകയല്ലാതെ തനിക്ക് എന്തു ചെയ്യാനാകുമെന്നാണ് 30കാരിയുടെ ചോദ്യം. കലാപത്തിനിടെ സഹോദരിയെ കൂട്ടമാനഭംഗം നടത്തിയതിന് ദൃക്സാക്ഷിയായ യുവാവ് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് വെടിയേറ്റുമരിച്ചത്. മാനഭംഗക്കേസില്‍ കോടതിയില്‍ മൊഴിനല്‍കേണ്ടതിന് തൊട്ടുമുമ്പ് ഇയാളെ കൊന്നതിനുപിന്നില്‍ മാനഭംഗക്കേസിലെ പ്രതികള്‍തന്നെയാണ്.
ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചതിനാല്‍ ഇനി കേസിന് പിന്നാലെ പോകേണ്ടതില്ളെന്നാണ് പൊലീസും രാഷ്ട്രീയപാര്‍ട്ടികളും ഉപദേശിക്കുന്നതെന്ന് ഇരകളിലൊരാളായ കാന്ദ്ല സ്വദേശി മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. കലാപത്തീ ആളിക്കത്തിയപ്പോള്‍ ഓടിപ്പോയവര്‍ ഗ്രാമത്തിനുപുറത്ത് തട്ടിക്കൂട്ടിയ വീടുകളില്‍ ജീവിതം തള്ളിനീക്കുമ്പോള്‍ സ്വന്തംനാട്ടില്‍ ഉപേക്ഷിക്കേണ്ടിവന്ന വീടുകളും ആരാധനാലയങ്ങളും ആളില്ലാതെ നശിക്കുകയാണ്. ചിലര്‍ അത് കിട്ടിയ വിലയ്ക്ക് വിറ്റൊഴിവാക്കി.
അതിനുപോലും സാധിക്കാത്ത നിര്‍ഭാഗ്യവന്മാരും ഏറെയുണ്ട്. കലാപക്കേസുകളില്‍ കൂട്ടത്തോടെ പ്രതികളെ വെറുതെവിടുന്നത് വാര്‍ത്തയായതോടെ ഏതാനും കേസുകളില്‍ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ യു.പി സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.