ബനാറസ് സര്‍വകലാശാലയില്‍ മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥിക്ക് മര്‍ദ്ദനം

വരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം മുഴക്കിയ വിദ്യാര്‍ത്ഥിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. വേദിയില്‍ വെച്ച് മോദി സര്‍വകലാശാലയുടെ ഡി ലിറ്റ് നിരസിക്കുകയും ചെയ്തു.
സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി പ്രസംഗം പൂര്‍ത്തിയാക്കിയ ഉടന്‍ ആണ് അശുതോഷ് സിങ് എന്ന വിദ്യാര്‍ത്ഥി മുദ്രാവാക്യം ഉയര്‍ത്തിയത്. ഇതോടെ വീണ്ടും മൈക്ക് കയ്യിലെടുത്ത മോദി സര്‍വകലാശാല തനിക്ക് നല്‍കുന്ന ഡോക്റേറ്റ് നിരസിക്കുന്നതായി ചാന്‍സലോടും വൈസ് ചാന്‍സലറോടുമായി പറയുകയായിരുന്നു. എന്നാല്‍, സര്‍വകലാശാല ഡി ലിറ്റ് പ്രഖ്യാപിച്ച രണ്ടു ദിവസം മുമ്പ് തന്നെ മോദി ഇത് നിരസിച്ചിരുന്നു.

മുദ്രാവാക്യം മുഴക്കിയ ഉടന്‍ പൊലീസ് അശുതോഷിനെ  വളഞ്ഞെങ്കിലും ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. ഇയാളെ അടിക്കുന്ന ദൃശ്യം അടങ്ങിയ വിഡിയോയും പുറത്തുവന്നു. കഴിഞ്ഞ മാസം ലക്നോവിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ മോദി പ്രസംഗിക്കുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടി.
ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത്  വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയും ജെ.എന്‍.യു വിദ്യാര്‍ത്ഥി കനയ്യ കുമാറിന്‍റെ അറസ്റ്റും ഉയര്‍ത്തി വിട്ട  സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന വേളകള്‍ പ്രതിഷേധ വേദികള്‍ കൂടി ആയി മാറുകയാണ്. ഇന്ന് കരിദിനം ആചരിക്കാനും ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. കനയ്യ കുമാറിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇടതു പിന്തുണയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഇതില്‍ ഉണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.