ജാട്ട് കലാപം അണയുന്നു; കര്‍ഫ്യൂ പിന്‍വലിച്ചു

ചണ്ഡിഗഢ്: ഹരിയാനയില്‍ ഒരാഴ്ചയിലേറെയായി നീണ്ട ജാട്ട് സംവരണപ്രക്ഷോഭം കെട്ടടങ്ങുന്നു. ഹിസാര്‍ ജില്ലയിലെ കര്‍ഫ്യൂ ബുധനാഴ്ച പിന്‍വലിച്ചു. റോത്തകിലും ഭിവാനിയിലും റെയില്‍, റോഡ് ഗതാഗതം പുന$സ്ഥാപിച്ചു. പ്രക്ഷോഭം ആളിക്കത്തിയ ഭിവാനിയില്‍ നാലു മണിക്കൂറും റോത്തകില്‍ പകല്‍ മുഴുവനും  കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. ഹിസാറില്‍ കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും നിരോധാജ്ഞ തുടരും. കലാപത്തില്‍ 28 പേരാണ് മരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുള്‍പെടെ 200 ലേറെ പേര്‍ക്ക് പരിക്കേറ്റു.
എല്ലായിടത്തും സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം റോത്തകിലത്തെിയ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡക്കും കടകള്‍ നശിച്ച വ്യാപാരികളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. 1000 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികള്‍ പറഞ്ഞു. കടകള്‍ നശിപ്പിച്ചതിനെയും കൊള്ളയടിച്ചതിനെയും കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. ടൊയോട്ട, ഹുണ്ടായ്, മക്ഡൊണാള്‍ഡ്, ഷെവര്‍ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഷോറൂമുകളടക്കം 500 കടകളാണ് നശിപ്പിച്ചത്. ജാട്ട് ഇതര വിഭാഗത്തിന്‍െറ സ്കൂളുകളും കലാപകാരികള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ 127 പേരെ അറസ്റ്റ് ചെയ്ത പൊലീസ് 535 പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതിനിടെ, കലാപത്തിന് പ്രേരിപ്പിക്കുന്ന രീതിയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അടുത്ത അനുയായി സംസാരിക്കുന്നതിന്‍െറ സംഭാഷണശകലം പുറത്തായി. പി.സി.സി അംഗംകൂടിയായ വീരേന്ദറിനെതിരെ പൊലീസ് കേസെടുത്തു.

നഷ്ടപരിഹാരം നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍
ജയ്പുര്‍: ജാട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വിസുകളില്‍ ഒമ്പതെണ്ണം പുനരാരംഭിച്ചു. ഏഴ് സര്‍വിസുകള്‍ ഇപ്പോഴും റദ്ദാക്കിയിരിക്കുകയാണ്. രണ്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ഭിവാനി-മഥുര, ജയ്പുര്‍-മഥുര, ജയ്പുര്‍-ആഗ്ര ഫോര്‍ട്ട്, ബാര്‍മര്‍/ബിക്കാനീര്‍-ഗുവാഹതി, അജ്മീര്‍-സിയാല്‍ദ, ജോധ്പുര്‍-വാരാണസി, ജമ്മു-അജ്മീര്‍, ആഗ്ര ഫോര്‍ട്ട്-ബണ്ടിക്കുയ്, ബണ്ടിക്കുയ്-ആഗ്ര ഫോര്‍ട്ട് ട്രെയിനുകളാണ് സര്‍വിസ് പുനരാരംഭിച്ചതെന്ന് നോര്‍ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. അജ്മീര്‍-ജമ്മു, ആഗ്ര ഫോര്‍ട്ട്-അഹ്മദാബാദ് ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്.
പ്രക്ഷോഭത്തിനിടെ സ്വത്തുവകകള്‍ക്ക് നാശനഷ്ടം നേരിട്ടവര്‍ക്ക് ഹരിയാന സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടം നേരിട്ടതിന്‍െറ 25 ശതമാനം വരെ താല്‍ക്കാലിക ആശ്വാസമായി അനുവദിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. കലാപകാരികള്‍ വന്‍തോതില്‍ വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീയിട്ടിരുന്നു. നഷ്ടം നേരിട്ടവര്‍ സംസ്ഥാന സര്‍ക്കാറിനു കീഴിലെ നഗര, പ്രാദേശിക ഭരണവിഭാഗം വെബ്സൈറ്റില്‍ ലഭ്യമായ അപേക്ഷ പൂരിപ്പിച്ച് നല്‍കണം. പേര്, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുള്‍പ്പെടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.