ന്യൂഡല്‍ഹി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ചതിന് 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാനും ആദായനികുതി വകുപ്പ് റെയ്ഡില്‍ കണ്ടെടുത്ത ആനക്കൊമ്പുകള്‍ കൈവശംവെക്കാനും നടന്‍ മോഹന്‍ലാല്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ അനുകൂലനടപടി. മോഹന്‍ലാലിനെ പരിസ്ഥിതിനിയമത്തിലെ പൊതുമാപ്പ് വ്യവസ്ഥയിലൂടെ ആനക്കൊമ്പ് കേസില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കുകയായിരുന്നു. 2011ലാണ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്‍െറ വീട്ടില്‍നിന്ന് 13 ജോടി ആനക്കൊമ്പുകള്‍ പിടികൂടിയത്. തുടര്‍ന്ന് വനംവകുപ്പിന്‍െറ കോടനാട് റെയ്ഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രംപോലും സമര്‍പ്പിച്ചിരുന്നില്ല.
തുടര്‍ന്ന് പല കോടതികളിലും മോഹന്‍ലാലിനെതിരെ ഹരജികള്‍ വന്നു. അതിനുശേഷമാണ് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ മോഹന്‍ലാല്‍ കേന്ദ്രമന്ത്രാലയത്തെ പിടിച്ചത്.
1972ലെ നിയമത്തിലെ പട്ടികയില്‍പെട്ട വന്യജീവിയോ വന്യജീവിയില്‍നിന്നുള്ള ഏതെങ്കിലും വസ്തുവോ വനംവകുപ്പിനെ അറിയിച്ചശേഷം കൈവശംവെക്കാനുള്ള 2003ലെ വന്യജീവി സ്റ്റോക് പ്രഖ്യാപനച്ചട്ടം തനിക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചു. വന്യജീവി സംരക്ഷണനിയമത്തിന്‍െറ 40 (4) വകുപ്പ് പ്രകാരം കേരളസര്‍ക്കാറിന്‍െറ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനെ സമീപിക്കാനാണ് മന്ത്രാലയം മോഹന്‍ലാലിനോട് നിര്‍ദേശിച്ചത്. അതുപ്രകാരം ചെയ്ത മോഹന്‍ലാലിന് തന്‍െറ കൈവശമുള്ള ആനക്കൊമ്പുകള്‍ നിയമപരമായി കൈവശംവെക്കാന്‍ ഇനി കഴിയും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശം മോഹന്‍ലാലിന് മാത്രം ബാധകമായിരിക്കുമെന്നാണ് അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓം പ്രകാശ് കലര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.