പത്താൻകോട്ട് ആക്രമണം: അഞ്ചാമത്തെ തീവ്രവാദിയെയും വധിച്ചു

ചണ്ഡീഗഡ്: പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ അഞ്ചാമനെയും വധിച്ചു. മറ്റ് തീവ്രാദികൾക്ക് വേണ്ടി സുരക്ഷാ സേന തിരച്ചിൽ നടത്തുകയാണ്. നേരത്തെ നാലു ഭീകരരെ വധിച്ചതിനു ശേഷം ദേശീയ സുരക്ഷാ സേനയുടെ(എൻ.എസ്.ജി) നേതൃത്വത്തിൽ അഞ്ചാമനായി തിരച്ചിൽ നടത്തിയിരുന്നു.തെരച്ചിൽ നടത്തുന്നതിനിടെ സൈനികർക്കുനേരെ വീണ്ടും വെടിവെപ്പുണ്ടായി. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തീവ്രവാദി ആക്രമണം തടഞ്ഞ സൈനികരെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. അഞ്ച് തീവ്രവാദികളെയും അമർച്ച ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥരെയും സൈനികരെയും അഭിനന്ദിക്കുന്നുവെന്ന്  അദ്ദേഹം ട്വീറ്റ് ചെയതു. സൈനികരുടെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും വിജയകരമായി ഒാപറേഷൻ പൂർത്തിയാക്കിയ അവരെ സല്യൂട്ട് ചെയ്യുന്നുവെന്നും ആഭ്യന്തരമന്ത്രി ട്വിറ്ററിൽ കുറിച്ചു.

നേരത്തെ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദിയാക്രമണത്തിൽ മൂന്ന് സൈനികരും നാല് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തില്‍ ഏഴ് തീവ്രവാദികൾ പങ്കെടുത്തു എന്നാണ് വിവരം. മിഗ് 29 വിമാനങ്ങളും ഹെലിക്കോപ്റ്ററുകളുമുള്ള കേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. വിമാനങ്ങൾ സൂക്ഷിക്കുന്ന മേഖല സുരക്ഷിതമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. ഏറ്റുമുട്ടൽ ഏകദേശം ആറ് മണിക്കൂറോളം നീണ്ടുനിന്നു. 

പത്താൻകോട്ട് എയർബേസിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം അടച്ചിട്ടു. സൈന്യവും വ്യോമസേനയും പൊലീസും സംയുക്തമായാണ് ഓപറേഷനിൽ പങ്കെടുത്തത്. പത്താൻകോട്ടിൽ നിന്ന് ഏകദേശം 50 കിലോമീറ്ററാണ് പാകിസ്താൻ അതിർത്തിയിലേക്കുള്ളത്.

സൈനിക യൂണിഫോമിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്താൻകോട്ടിലും പരിസര പ്രദേശങ്ങളിലും അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പഞ്ചാബിലെ ജമ്മു-കശ്മീർ അതിർത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തി. ആർമിയുടേയും നാവികസേനയുടേയും നിരവധി ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ജമ്മു-പത്താൻകോട്ട് ദേശീയപാത തന്ത്രപ്രധാനമായ കേന്ദ്രമാണ്. ആക്രമണത്തിന് ശേഷം തീവ്രവാദികൾ പാകിസ്താനുമായി ബന്ധപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ലഷ്കർ ഇ ത്വയിബ എന്ന സംഘടനയാണ് ആക്രമണം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ഭീകരാക്രമണത്തെത്തുടർന്ന് പത്താൻകോട്ട് -ജമ്മു ദേശീയപാതയിൽ വാഹനങ്ങൾ കർശനപരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. 

ഇന്നലെ ഒരു സൈനിക വാഹനം കാണാതാവുകയും എസ്.പിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പഞ്ചാബിലെ ഗുർദാസ്പൂരിൽ ആക്രമണമുണ്ടായി ആറുമാസത്തിന് ശേഷമാണ് വ്യോമസേനാ കേന്ദ്രത്തിൽ ആക്രമണം ഉണ്ടായിരിക്കുന്നത്. 12 മണിക്കൂറിലേറെ നീണ്ട ആക്രമണത്തിന് ശേഷമാണ് അന്ന് തീവ്രവാദികളെ സൈന്യം വധിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.