പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വർധിപ്പിച്ചു

ന്യൂഡൽഹി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 37 പൈസയും ഡീസൽ ലീറ്ററിന് രണ്ടുരൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ പെട്രോളിന്‍െറ അടിസ്ഥാന എക്സൈസ് തീരുവ ഇപ്പോള്‍ 7.36ല്‍നിന്ന് 7.73 രൂപയായി. ഡീസലിനാകട്ടെ, ലിറ്ററിന്മേല്‍ തീരുവ 5.83 രൂപയില്‍നിന്ന് 7.83 രൂപയിലുമെത്തി.

മൂന്നാഴ്ചക്കിടയില്‍ രണ്ടാംതവണയാണ് എക്സൈസ് തീരുവ ഉയര്‍ത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞതിന്‍െറ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കാതെ ആദായമാര്‍ഗമാക്കി മാറ്റുകയാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിലൂടെ ചെയ്യുന്നത്. പുതിയ തീരുവ വര്‍ധനവഴി സര്‍ക്കാറിന് വരുമാനം 4400 കോടി രൂപയാണ്.

ഡിസംബര്‍ 17ന് എക്സൈസ് തീരുവ പെട്രോളിന് 30 പൈസയും ഡീസലിന് 1.17 രൂപയും കൂട്ടിയിരുന്നു. സര്‍ക്കാറിന് അധികവരുമാനം 2500 കോടി. നവംബര്‍ ഏഴിന് തീരുവകൂട്ടി 3200 കോടിയുടെ ആദായമുണ്ടാക്കിയതിന് പുറമേയാണിത്. മൂന്നു വര്‍ധനകളിലായി ഫലത്തില്‍ 10,000 കോടി രൂപയാണ് അധികവരുമാനം. അന്താരാഷ്ട്രതലത്തിലുണ്ടായ എണ്ണവിലയിടിവിന്‍െറ നേട്ടം പെട്രോളും ഡീസലും വാങ്ങുന്നവരെക്കാള്‍ സര്‍ക്കാര്‍ കൊണ്ടുപോവുന്ന സ്ഥിതിയിലാണ്. 2014 നവംബറിനും 2015 ജനുവരിക്കുമിടയില്‍ നാലുതവണ എക്സൈസ് തീരുവ ഉയര്‍ത്തിയിരുന്നു.

അതേസമയം, എക്സൈസ് തീരുവ കൂട്ടാതെ സമീപകാല വിലയിടിവിന്‍െറ നേട്ടം പൂര്‍ണമായും ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍ പെട്രോള്‍വില ഇപ്പോഴുള്ളതിനെക്കാള്‍ 10.02 രൂപയും ഡീസല്‍വില 9.97 രൂപയും കുറയുമായിരുന്നു.ഡല്‍ഹിയില്‍ പെട്രോള്‍വില ഇപ്പോള്‍ 59.35 രൂപയും ഡീസല്‍വില 45.03 രൂപയുമാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.