പത്താൻകോട്ടിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് മരിച്ച ജവാൻ പാലക്കാട് സ്വദേശി

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ ഭീകരർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഗ്രനേഡ് പൊട്ടി മലയാളി സൈനികൻ  മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയും എൻ.എസ്.ജി കമാൻഡോയുമായ ലഫ്റ്റനൻറ് കേണൽ നിരഞ്ജൻ കുമാറാണ് (32) മരിച്ചത്.

മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരി കളരിക്കല്‍ ശിവരാജെൻറ മകനാണ് നിരഞ്ജന്‍. മാതാവ് പരേതയായ രാജേശ്വരി. പുലാമന്തോള്‍ പാലൂര്‍ സ്വദേശി ഡോ. രാധികയാണ് ഭാര്യ. വിസ്മയ (രണ്ട് വയസ്) മകളാണ്. സഹോദരങ്ങൾ ഭാഗ്യലക്ഷ്മി, ശരത്(വ്യോമസേന), ശശാങ്കൻ. ബംഗളൂരുവിലെ ജലഹള്ളിയിലാണ് നിരഞ്ജൻ താമസം. മൃതദേഹം വൈകിട്ട് ഡൽഹിയിൽ എത്തിക്കും. അവിടെ നിന്ന് ബംഗളൂരുവിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം നാളെ പാലക്കാട്ടെ കുടുംബ വീട്ടുവളപ്പില്‍ സംസ്കാരം നടത്തും.

മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിൽ ജോലിചെയ്യുന്ന നിരഞ്ജൻ മൂന്ന് വർഷത്തെ ഡെപ്യൂേട്ടഷനിലാണ് എൻ.എസ്.ജിയിൽ എത്തിയത്. ഒമ്പത് വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുകയാണ് .നിരഞ്ജൻ കുമാറിെൻറ വേർപാട് വേദനാജനകമാണെന്നും അദ്ദേഹത്തിെൻറ ജീവത്യാഗത്തെ രാജ്യം നമിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിൽ അറിയിച്ചു.

ഭീകരർക്കായുള്ള തിരച്ചിലിനിടെ ഞായറാഴ്ച രാവിലെയാണ് നിരഞ്ജൻ കുമാറിന് ഗ്രനേഡ് പൊട്ടി പരിക്കേറ്റത്. നിരഞ്ജൻ കുമാറിനൊപ്പം  മൂന്ന് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.ഇന്നലത്തെ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സൈനികർ ഇന്ന് രാവിലെ മരണപ്പെട്ടു. ഇതോടെ പത്താൻകോട്ടിൽ ഇന്നലെയും ഇന്നുമായി മരിച്ച  സേനാ അംഗങ്ങളുടെ എണ്ണം ഏഴായി.

നിരഞ്ജൻ കുമാറും കുടുംബവും
 

പത്താൻകോട്ടിലെ വ്യോമസേന കേന്ദ്രത്തിനുനേരെയാണ് ശനിയാഴ്ച തീവ്രവാദി ആക്രമണമുണ്ടായത്. പുലർച്ചെ മൂന്നരമണിക്കാണ് ആക്രമണമുണ്ടായത്. സൈനികർ നടത്തിയ തിരിച്ചടിയിൽ അഞ്ച് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാകിസ്താൻ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലമാണിത്.

പത്താൻകോട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. സ്ഥലത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമീപപ്രദേശങ്ങളായ ജമ്മു, അവന്തിപൂർ, ശ്രീനഗർ, ഉദ്ദംപൂർ എന്നിവിടങ്ങളിലെ നാവികസേനാ കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തീവ്രവാദി ആക്രമണം ദേശീയ സുരക്ഷാ ഏജൻസിയായിരിക്കും അന്വേഷിക്കുക. യു.എ.പി.എ, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ഗൂഢാലോചന തുടങ്ങിയവ ചുമത്തിയായിരിക്കും അന്വേഷണം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.