പത്താന്‍കോട്ട് ആക്രമണം: അഞ്ച് ഭീകരരെ വധിച്ചു, ഏറ്റുമുട്ടൽ തുടരുന്നു

പത്താൻകോട്ട്: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയ ഒരു തീവ്രവാദിയെ കൂടി സൈന്യം വധിച്ചു.  ഇതോടെ ഇന്നലെയും ഇന്നുമായി സൈന്യം വധിച്ച ഭീകരരുടെ എണ്ണം അഞ്ചായി. നാല് ഭീകരരെ കഴിഞ്ഞദിവസം സൈന്യം വധിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ  മുഹമ്മദും ലഷ്‌കറെ ത്വയ്യിബയുമാണെന്ന് ആഭ്യന്തര സെക്രട്ടറി രാജീവ് മെഹരീഷി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.എസ്.എഫിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവശേഷിക്കുന്ന രണ്ടു ഭീകരരെ കീഴ്പ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ നാലു ഭീകരരെ വധിച്ചിരുന്നു. എന്നാൽ രാവിലെ നടത്തിയ തിരച്ചിലിൽ രണ്ടു ഭീകരർകൂടി ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അവരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷന്‍ പൂര്‍ണമായി അവസാനിച്ചെങ്കില്‍ മാത്രമെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് കൃത്യമായി പറയാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് സേനാംഗങ്ങൾ ഞായറാഴ്ച രാവിലെ മരണപ്പെട്ടു. പിന്നീട് ഗ്രനേഡ് പൊട്ടിത്തെറിച്ച് മലയാളിയായ നിരഞ്ജൻ കൂടി മരിച്ചതോടെ  പത്താൻകോട്ടിൽ ഇന്നലെയും ഇന്നുമായി മരിച്ച സേനാംഗങ്ങളുടെ എണ്ണം ഏഴായി. ഇന്നു രാവിലെ പുനഃരാരംഭിച്ച തിരച്ചിലിനിടെ കൊല്ലപ്പെട്ട ഭീകരന്‍റെ ശരീരത്തിൽനിന്ന് ഗ്രനേഡ് മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചാണ് നിരഞ്ജൻ മരിച്ചത്.

എന്നാൽ കഴിഞ്ഞദിവസം തന്നെ അഞ്ച് ഭീകരരെ വധിച്ചുവെന്ന രാജ്നാഥ് സിങ്ങ് ട്വീറ്റ് ചെയ്തത് ആശയക്കുഴപ്പം ഉണ്ടാക്കി.  ഇതിനെ തുടർന്ന് അഞ്ച് ഭീകരരെ വധിച്ചുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ട്വീറ്റ് പിന്നീട് രാജ്നാഥ് സിങ് പിൻവലിച്ചിരുന്നു.

സൈനികവേഷത്തിലെത്തിയ ഭീകരരാണ് വ്യോമസേനാ താവളത്തിലെത്തന് നേരെ ശനിയാഴ്ച പുലർച്ചെ മൂന്നരയോടെ ആക്രമണം നടത്തിയത്. ഭീകരാക്രമണസാധ്യത സംബന്ധിച്ചു വ്യക്തമായ മുന്നറിയിപ്പു ലഭിച്ചിരുന്നതിനാൽ എൻ.എസ്.ജി കരസേനാ – വ്യോമസേനാ കമാൻഡോകൾ സംയുക്ത നീക്കത്തിലൂടെയാണു ഭീകരരെ ചെറുത്തത്.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.