പത്താന്‍കോട്ട് വ്യോമതാവളത്തില്‍  നാലാംദിനവും തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിൽ കടന്ന ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു. ഏറ്റുമുട്ടലിന്‍റെ നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും എല്ലാ തീവ്രവാദികളേയും വധിച്ചോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല. ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. 

അതേസമയം, പത്താൻകോട്ടിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്ന് പാകിസ്താന്‍ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, ഇന്ത്യയില്‍നിന്ന് എന്ത് വിവരങ്ങളാണ് ലഭിച്ചതെന്ന് പാകിസ്താന്‍ വെളിപ്പെടുത്തിയില്ല. ഒരേ മേഖലയും പൊതുവായ ചരിത്രവും പങ്കിടുന്ന രാജ്യങ്ങളെന്ന നിലക്ക് ഇന്ത്യയും പാകിസ്താനും സംവാദപ്രക്രിയ തുടരണമെന്നും ഭീകരതയെ ചെറുക്കാന്‍ യോജിച്ച സമീപനമുണ്ടാകണമെന്നും പ്രസ്താവനയില്‍ പറയുന്നു.

പത്താന്‍കോട്ട് ആക്രമണത്തിനുപിന്നില്‍ പാകിസ്താനുമായി ബന്ധമുള്ള ജെയ്ശെ മുഹമ്മദ് ആണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പാകിസ്താന്‍ പ്രസ്താവന പുറപ്പെടുവിച്ചത്. വ്യോമതാവളം ആക്രമിച്ച ഭീകരരുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ ബന്ധപ്പെട്ടവരുടെ നമ്പറുകളും അടക്കമുള്ള വിവരങ്ങളാണ് പാകിസ്താന് കൈമാറിയതെന്ന് സൂചനയുണ്ട്. മാത്രമല്ല, ഭീകരരെ നിയന്ത്രിച്ചിരുന്നത് പാകിസ്താനില്‍നിന്നാണെന്നതിന്‍െറ തെളിവുണ്ടെന്നും ഇന്ത്യ സൂചന നല്‍കിയിരുന്നു.

ഭീകരവാദം നിര്‍മാര്‍ജനം ചെയ്യാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അതുകൊണ്ടുതന്നെ ഇന്ത്യ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുമെന്നും പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജാന്‍ജുവ പറഞ്ഞു. പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന്‍ അതീവ ദു$ഖം പ്രകടിപ്പിക്കുകയും മരിച്ചവരുടെ കുടുംബങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.