പത്താന്‍കോട്ട്: പത്താന്‍കോട്ട് ആക്രമണം അന്തിമഘട്ടത്തിലെത്തുമ്പോഴേക്കും ദുരൂഹതകള്‍ നീങ്ങുന്നില്ലെന്നത് അന്വേഷണ ഉദ്വോഗസ്ഥരെ കുഴക്കുന്നു. അക്രമികള്‍ തട്ടിക്കൊണ്ടു പോയ ഗുര്‍ദാസ്പൂര്‍ എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ ചുറ്റിപ്പറ്റിയാണ് സംശയം നിലനിൽക്കുന്നത്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന എൻ.ഐ.എ സംഘം ഇദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്യുമെന്നാണറിയുന്നത്.
തീവ്രവാദികൾ വ്യാഴാഴ്ച തന്നെ തട്ടിക്കൊണ്ടുപോയി കാട്ടിൽ ഉപേക്ഷിച്ച് എസ്.യു.വി വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് എസ്.പി അവകാശപ്പെട്ടത്. ഇക്കാര്യത്തിൽ ചില ദുരൂഹതകൾ നിലനിൽക്കുന്നുവെന്നാണ് കണ്ടെത്തൽ. നീല ബീക്കൺ ലൈറ്റ് വെച്ച എസ്.പിയുടെ വാഹനത്തിലാണ് പിന്നീട് ഭീകരർ വ്യോമസേനാ താവളത്തിനടുത്തെത്തിയത്.
അക്രമികള്‍ ആദ്യം തട്ടിക്കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറെ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലീസ് ഓഫീസര്‍ ആയിട്ടും സൽവീന്ദർ സിങിനെ വെറുതെ വിട്ടതാണ് സംശയം ജനിപ്പിക്കുന്നത്. മഫ്തിയിലായിരുന്നതിനാലാണ് കൊല്ലാതെ വഴിയിലുപേക്ഷിച്ചതെന്നാണ് എസ്.പി പറയുന്നത്. തട്ടിക്കൊണ്ടു പോയവരുടെ എണ്ണത്തെക്കുറിച്ചും പരസ്പര വിരുദ്ധമായാണ് ഇദ്ദേഹം മൊഴി നൽകിയത്.
പത്താന്‍ കോട്ടിലെ ഒരു ക്ഷേത്രത്തില്‍ പോയി തിരിച്ച് ഗുര്‍ദാസ്പൂരിലേക്കു മടങ്ങവെയാണ് ഭീകരര്‍ തന്നെ തട്ടിക്കൊണ്ടു പോയതെന്നാണ് ഇദ്ദേഹം പറഞ്ഞത്. സുഹൃത്തായ ജ്വല്ലറി വ്യാപാരിയും പാചകക്കാരനുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പോലും സഹായത്തിനില്ലാതെ പോയതും സംശയത്തിനിടയാക്കുന്നു. ഭീകരാക്രമണ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഇദ്ദേഹം ഇന്ത്യ-പാക് അതിര്‍ത്തി പ്രദേശത്ത് എത്തിയതിനെക്കുറിച്ചും ദുരൂഹതയുണ്ട്. മയക്കു മരുന്നു സംഘങ്ങളുമായി ചേര്‍ന്ന് തീവ്രവാദികളെ സഹായിക്കാനുള്ള ശ്രമം നടന്നിരുന്നോ എന്നും അന്വേഷണ ഉദ്വേഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.
അതിനിടെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതായി എസ്.പി അറിയിച്ചിട്ടും പൊലീസ് ഗൗരവമായി എടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് വിമർശനവും ഉയരുന്നുണ്ട്. സൽവീന്ദർ സിങിന്‍റെ മുൻകാല നടപടികൾ മൂലമാണ് എസ്.പിയുടെ വാക്കുകൾ ഗൗരവമായി എടുക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.