ന്യൂഡല്‍ഹി: ആറു ഭീകരരുടെ മൃതദേഹവും ചോര്‍ത്തിയ ഫോണ്‍സംഭാഷണവും കണ്ടുകിട്ടിയ ഏതാനും ആയുധങ്ങളുമായി പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ ആക്രമണത്തിന് തുമ്പുണ്ടാക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ശ്രമം തുടങ്ങുന്നു. വ്യോമസേനാ കേന്ദ്രം ആക്രമിച്ചത് പാകിസ്താനില്‍നിന്നുള്ള ഭീകരരാണെന്ന് തറപ്പിച്ചുപറയുമ്പോള്‍തന്നെ, അത് തെളിയിക്കുന്നത് അന്വേഷണ ഏജന്‍സിക്ക് വെല്ലുവിളിയായി. കൊല്ലപ്പെട്ടഭീകരരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രണ്ടുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞു. ഈ മൃതദേഹങ്ങളില്‍നിന്ന് ഡി.എന്‍.എ സാമ്പ്ള്‍ ശേഖരിക്കുന്നുണ്ട്.

ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും നടക്കുന്നു. ഇതില്‍നിന്ന് കൊല്ലപ്പെട്ടവരെ തിരിച്ചറിയുകയാണ് പ്രധാന വെല്ലുവിളി. കേസിന്‍െറ ചുരുള്‍ നിവരാന്‍ സമയമെടുക്കുമെന്നും വെല്ലുവിളിനിറഞ്ഞ കേസാണിതെന്നും ദേശീയ അന്വേഷണ ഏജന്‍സി മേധാവി ശരത്കുമാര്‍ വിലയിരുത്തി.
അതേസമയം, ഭീകരര്‍ പാകിസ്താനില്‍ നിന്നാണെന്നതില്‍ സംശയമില്ളെന്നും എന്‍.ഐ.എ മേധാവി പറഞ്ഞു. ഭീകരരും അവരെ നിയന്ത്രിച്ചവരും കുടുംബാംഗങ്ങളുമായി അതിര്‍ത്തിക്കപ്പുറത്തുനിന്ന് നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍നിന്ന് കിട്ടിയ തെളിവുകളാണ് ഇപ്പോഴുള്ളത്. രാജേഷ് വര്‍മയെന്ന ജ്വല്ലറിക്കാരന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭീകരര്‍ പാകിസ്താനിലേക്ക് പലവട്ടം വിളിച്ചിട്ടുണ്ട്. ഭഗവല്‍പൂരിലേക്കും മറ്റുമുള്ള ഈ വിളികള്‍ക്കിടയിലാണ് കുടുംബാംഗങ്ങളുമായി സംസാരിച്ചതെന്നാണ് വിവരം.

ആക്രമണത്തിന്‍െറ സൂത്രധാരന്മാന്‍ ഫോണിലും മറ്റും ബന്ധപ്പെട്ട ആളുകളെ തിരിച്ചറിഞ്ഞാല്‍ കേസ് തെളിയിക്കുന്നതിന് എന്‍.ഐ.എ പാകിസ്താന്‍െറ സഹായംതേടും. അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാല്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ പങ്ക് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവുംപെട്ടെന്ന് കേസ് തെളിയിക്കാനാണ് ശ്രമിക്കുന്നതെങ്കിലും സമയക്രമം നിശ്ചയിക്കാന്‍ പറ്റില്ളെന്ന് എന്‍.ഐ.എ മേധാവി പറഞ്ഞു.

ശരത്കുമാര്‍ ബുധനാഴ്ച പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ എത്തി സാഹചര്യം വിലയിരുത്തും. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭീകരരെന്ന് സംശയിക്കുന്നവര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തിയതാണ് ഒന്ന്. എസ്.പി റാങ്കിലുള്ള ഒരാളെ തട്ടിക്കൊണ്ടുപോയത് മറ്റൊന്ന്. ജനുവരി ഒന്ന് അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ വ്യോമസേനാകേന്ദ്രം ആക്രമിക്കപ്പെട്ടതാണ് മൂന്നാമത്തെ കേസ്.
മേജര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തു
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കരസേനയിലെ ഒരു മേജറെയും അദ്ദേഹവുമായി ബന്ധപ്പെട്ട രണ്ടുപേരെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കന്‍േറാണ്‍മെന്‍റ് മേഖലയില്‍നിന്നാണ് മേജറെ കസ്റ്റഡിയിലെടുത്തത്. ഇയാളുമായി ബന്ധപ്പെട്ടവരാണ് മറ്റു രണ്ടുപേര്‍. എന്നാല്‍, ഇവര്‍ സൈന്യവുമായി ബന്ധപ്പെട്ടവരല്ല. രണ്ടുദിവസം ഇവരെ ചോദ്യം ചെയ്തതായാണ് വിവരം.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്‍െറ കൊലപാതകക്കേസിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജഗതാര്‍ സിങ് ഹവാരയെ തിഹാര്‍ ജയിലിലത്തെി മേജര്‍ പലതവണ സന്ദര്‍ശിച്ചിരുന്നു. സിഖ് തീവ്രവാദ സംഘടനയായ ബാബര്‍ ഖല്‍സ ഇന്‍റര്‍നാഷനലുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. അംബാല കന്‍േറാണ്‍മെന്‍റ് സ്റ്റേഷനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് അഞ്ചു കിലോ ആര്‍.ഡി.എക്സ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട് 2012ല്‍ അറസ്റ്റിലായ രണ്ടു സിഖ് തീവ്രവാദികളുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി ഡല്‍ഹി പൊലീസ് സംശയിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.