പത്താന്‍കോട്ട് വ്യോമതാവള ആക്രമണം; ദുരൂഹത അവസാനിക്കുന്നില്ല

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍ നുഴഞ്ഞുകയറിയ മുഴുവന്‍ ഭീകരരെയും വധിച്ച് സൈനികദൗത്യം അവസാനിപ്പിക്കുമ്പോഴും ദുരൂഹത ബാക്കി. ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഗുര്‍ദാസ്പുര്‍ എസ്.പി സല്‍വീന്ദര്‍ സിങ് സംശയത്തിന്‍െറ നിഴലിലാണ്. കൂടാതെ, ഭീകരര്‍ അതിര്‍ത്തി കടന്നത് സംബന്ധിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും കേന്ദ്രത്തിന്‍െറ ഭാഗത്തുനിന്ന് കാര്യമായ നടപടിയുണ്ടാകാത്തതിന്‍െറ കാരണവും അജ്ഞാതമാണ്.

തീവ്രവാദികള്‍ വ്യാഴാഴ്ച തന്നെ തട്ടിക്കൊണ്ടുപോയി കാട്ടില്‍ ഉപേക്ഷിച്ച് എസ്.യു.വി വാഹനവുമായി കടന്നുകളയുകയായിരുന്നുവെന്നാണ് എസ്.പി സല്‍വീന്ദര്‍ സിങ് അവകാശപ്പെട്ടത്. പത്താന്‍കോട്ടിലെ ക്ഷേത്രത്തില്‍ പോയി തിരിച്ച് ഗുര്‍ദാസ്പുരിലേക്ക് മടങ്ങവെയാണ് ഭീകരര്‍ തന്നെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് ജ്വല്ലറി വ്യാപാരിയെയും പാചകക്കാരനെയും തട്ടിക്കൊണ്ടുപോയതെന്നാണ് ഇദ്ദേഹം പറഞ്ഞത്. നീല ബീക്കണ്‍ലൈറ്റ് വെച്ച എസ്.പിയുടെ വാഹനത്തിലാണ് പിന്നീട് ഭീകരര്‍ വ്യോമതാവളത്തിനടുത്തത്തെിയതെന്നാണ് കരുതുന്നത്.
ആക്രമികള്‍ ആദ്യം തട്ടിക്കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവറെ കൊലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊലീസ് ഓഫിസറായിട്ടും സല്‍വീന്ദറിനെ വെറുതെവിട്ടതാണ് സംശയം ജനിപ്പിക്കുന്നത്. സിവില്‍ ഡ്രസിലായിരുന്നതിനാലാണ് തന്നെ കൊല്ലാതെ വഴിയിലുപേക്ഷിച്ചതെന്നാണ് എസ്.പി പറയുന്നത്. തട്ടിക്കൊണ്ടുപോയവരുടെ എണ്ണത്തെക്കുറിച്ചും പരസ്പരവിരുദ്ധമായാണ് ഇദ്ദേഹം മൊഴിനല്‍കിയത്. തങ്ങളുടെ കണ്ണ് കെട്ടിയിരുന്നുവെന്നും അതിനാല്‍ വാഹനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് അറിയില്ളെന്നുമാണ് ഇദ്ദേഹം പറയുന്നത്. സല്‍വീന്ദര്‍ സിങ്ങിനെ എന്‍.ഐ.എ ബുധനാഴ്ച ചോദ്യം ചെയ്യും.

അതിനിടെ, തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടുപോയതായി വ്യാഴാഴ്ചതന്നെ എസ്.പി അറിയിച്ചിട്ടും പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഗൗരവായി എടുക്കാതിരുന്നത് വിമര്‍ശത്തിനിടയാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ഒരു ദിവസം മുമ്പുതന്നെ, ആക്രമികള്‍ വ്യോമതാവളത്തിലത്തെിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ‘ഇന്ത്യന്‍ എക്സ്പ്രസി’നോട് പറഞ്ഞു.

ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്കുശേഷം മൂന്നോടെ ആക്രമികള്‍ വ്യോമതാവളത്തിലേക്ക് കടന്നതിന്‍െറ സൂചന തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന്, സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ വിവരം അറിയിച്ചു. പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദേശീയ സുരക്ഷാ ഗാര്‍ഡുകളുടെ (എന്‍.എസ്.ജി) യോഗം വിളിച്ചശേഷമാണ് കമാന്‍ഡോകളെ പഞ്ചാബിലേക്ക് അയച്ചത്. ഏറെ മുമ്പുതന്നെ, ഇന്‍റലിജന്‍സ് വൃത്തങ്ങളുടെയും മറ്റും വിവരം ലഭിച്ചിട്ടും കാര്യമായ നടപടികളുണ്ടാകാത്തതിന്‍െറ കാരണവും വ്യക്തമല്ല. സമീപ വനത്തിലൂടെയാണ് ഭീകരര്‍ വ്യോമതാവളത്തിലേക്ക് പ്രവേശിച്ചതെന്ന് സംശയമുണ്ട്. ഈഭാഗത്തെ മൊബൈല്‍ ടവര്‍ ഉപയോഗിച്ച് പാകിസ്താനിലേക്ക് ലോക്കല്‍ നമ്പറില്‍ വിളിച്ചിട്ടുണ്ട്. ആള്‍താമസമില്ലാത്ത ഭാഗത്തുനിന്നുമുള്ള മൊബൈല്‍ ഫോണ്‍വിളികളാണ് തീവ്രവാദികള്‍ നിലയത്തിനകത്ത് കടന്നുവെന്ന് മനസ്സിലാക്കാന്‍ സഹായകമായത്.

വെള്ളിയാഴ്ച മൂന്നിനുശേഷം പലതവണ ഇത്തരം ഫോണ്‍ വിളികളുണ്ടായി. തുടര്‍ന്നാണ്, സുരക്ഷ ശക്തമാക്കാനും തിരച്ചില്‍ നടത്താനും തീരുമാനിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനുശേഷമാണ് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ടത്. വൈകുന്നേരത്തോടെയാണ് എന്‍.എസ്.ജി സംഘം പത്താന്‍കോട്ട് എത്തിയത്. അപ്പോഴേക്കും ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡി.എസ്.സി) തീര്‍ത്ത പ്രതിരോധത്തെ കണ്ണുവെട്ടിച്ച് തീവ്രവാദികള്‍ നിലയത്തിന്‍െറ പ്രധാന ഭാഗത്തത്തെിയിരുന്നു. ഈസമയത്തും പ്രത്യാക്രമണത്തെക്കുറിച്ച് ലോക്കല്‍ പൊലീസിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല.

കൃത്യമായ പരിശീലനത്തോടെയും കാര്യമായ തയാറെടുപ്പോടെയുമാണ് ഭീകരര്‍ നിലയത്തില്‍ പ്രവേശിച്ചതെന്ന് വ്യക്തമാണ്. ഗൂഗ്ള്‍ മാപ്പിന്‍െറ സഹായത്തോടെയാകാം അവര്‍ ലക്ഷ്യസ്ഥാനത്തത്തെിയതെന്നാണ് കരുതുന്നത്. എന്നാല്‍, ഇവിടത്തെ ഒരാളുടെ സഹായമില്ലാതെ ഇത്തരമൊരു ഓപറേഷന്‍ സാധ്യമല്ളെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.

അതിര്‍ത്തിയില്‍ കള്ളക്കടത്ത് നടത്തുന്ന സംഘങ്ങളുടെ പങ്കും തള്ളിക്കളയാനാകില്ല. ഇകാഗര്‍ സിങ് എന്ന ടാക്സി ഡ്രൈവറെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. രാത്രി ഫോണ്‍ വന്നശേഷം ഇയാള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്നും ഈ വിളി പാകിസ്താനില്‍ നിന്നായിരുന്നുവെന്നുമാണ് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍, തൊട്ടടുത്ത ഗ്രാമത്തിലെ ഒരാളെ ആശുപത്രിയിലത്തെിക്കുന്നതിനാണ് പോയതെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.