പത്താന്‍കോട്ട് : സംശയ നിഴലില്‍ പഞ്ചാബ് സര്‍ക്കാര്‍; അന്വേഷണം മയക്കുമരുന്ന്-ഭീകര ബന്ധത്തിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ ഭരണനേതൃത്വത്തിലും പൊലീസിലുമുള്ളവര്‍ക്ക് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധം പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ലക്ഷ്യമിട്ട ഭീകരര്‍ക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെട്ടു. ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പൊലീസ് സൂപ്രണ്ടിനെ കേന്ദ്രീകരിച്ച് എന്‍.ഐ.എ ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഭീകര-മയക്കുമരുന്ന്-പഞ്ചാബ് ഭരണകൂട മാഫിയയുണ്ടെന്ന സംശയം മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ അടക്കമുള്ളവര്‍ പ്രകടിപ്പിച്ചിട്ടുമുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ്സിങ് ബാദലിന്‍െറ കുടുംബത്തിലേക്കുവരെ വേരുപടര്‍ത്തിയ വന്‍ മയക്കുമരുന്ന് ശൃംഖലയാണ് പഞ്ചാബിലേത്. അതിര്‍ത്തിക്ക് ഇരുപുറവുമുള്ള മയക്കുമരുന്നു കടത്തിന് തണലായി പൊലീസും ഭരണകൂടവും മാറിയത് ഈ പശ്ചാത്തലത്തിലാണ്. മയക്കുമരുന്ന് കടത്തിനൊപ്പം ഭീകരരുടെ പഞ്ചാബിലെ ലക്ഷ്യങ്ങള്‍ക്കും ഇത് നിമിത്തമായെന്നാണ് വിലയിരുത്തല്‍. അകാലിദള്‍ സഖ്യകക്ഷിയായ ബി.ജെ.പിയും മോദിസര്‍ക്കാറും ഭീകരതാ വിഷയത്തില്‍ ചാഞ്ചാടുന്നതും ഇതുകൊണ്ടാണെന്ന് ആരോപണമുണ്ട്.
ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടും കൊല്ലാതെ വിട്ടുവെന്നാണ് പൊലീസ് സര്‍വിസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന എസ്.പി സല്‍വീന്ദര്‍ സിങ് പറയുന്നത്. അതേസമയം, ഡ്രൈവറെ കൊലപ്പെടുത്തുകയും ചെയ്തു. ഇതിലെ അസ്വാഭാവികത ചര്‍ച്ചയായിട്ടുണ്ട്. എസ്.പിയുടെയും ഒപ്പമുണ്ടായിരുന്ന പാചകക്കാരന്‍െറയും മറ്റും മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍.ഐ.എ കണ്ടത്തെിയിട്ടുണ്ട്. പതിവുവിട്ട വഴി തെരഞ്ഞെടുത്ത് എസ്.പി സഞ്ചരിക്കാന്‍ പറയുന്ന ന്യായങ്ങളും എന്‍.ഐ.എ വിശ്വസിക്കുന്നില്ല. സല്‍വീന്ദര്‍ സിങ്ങിന് മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും അന്വേഷണത്തിലാണ്. പഞ്ചാബ് മയക്കുമരുന്നിന്‍െറ പിടിയിലായ സംസ്ഥാനമാണ്. പഞ്ചാബിനും പാകിസ്താനുമിടയില്‍ മയക്കുമരുന്നു വ്യാപാരം തഴച്ചുവളരുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്തുനിന്നും ഇപ്പുറത്തുനിന്നുമുള്ള സഹായം കൂടാതെ ഇത് സാധിക്കില്ല. മയക്കുമരുന്ന് എത്തുന്ന ഈ റൂട്ടുകള്‍ ഭീകരര്‍ പത്താന്‍കോട്ടിനു പുറമെ ദിനാനഗര്‍ ആക്രമണത്തിലും പ്രാദേശികമായ ഒത്താശകളോടെ ഉപയോഗിച്ചുവെന്നാണ് കരുതുന്നത്. മയക്കുമരുന്നു വ്യാപാരികളെ ബാദല്‍ കുടുംബം സംരക്ഷിക്കുന്നതിന്‍െറ സൂചനകള്‍ പുറത്തുവന്നിരുന്നു. 2014ല്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ ബാദലിന്‍െറ ബന്ധു വിക്രം മജീതിയയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തിരുന്നു. ലക്ഷങ്ങള്‍ ഇയാള്‍ക്ക് കൊടുത്തുവെന്ന വെളിപ്പെടുത്തലുകള്‍ പിടികൂടിയവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമുണ്ട്.
മുന്‍ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗൗരവപ്പെട്ട ആരോപണമാണ് ഉന്നയിച്ചത്. മയക്കുമരുന്നുമായി ബന്ധമുള്ള ഭീകരതയാണ് നടന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ അതേ റൂട്ടും പ്രവര്‍ത്തനരീതിയും പ്രാദേശിക പിന്തുണയും നുഴഞ്ഞുകയറിയ ഭീകരര്‍ ഉപയോഗപ്പെടുത്തിയെന്ന് സംശയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബ് ഭരണകൂടത്തിലുള്ളവരുടെ അറിവോടെയാണ് മയക്കുമരുന്ന് കടത്തുകാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. ഡിസംബര്‍ 31ന് രാത്രി കിട്ടിയ ഇന്‍റലിജന്‍സ് രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ പഞ്ചാബിലെ അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ഷിന്‍ഡെ ചോദിച്ചു. കേസന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തിട്ടുണ്ടെങ്കിലും, ദേശീയ ഏജന്‍സിക്ക് കൈമാറാന്‍ തുടക്കത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ തയാറായിരുന്നില്ളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.