നക്സല്‍ ബന്ധം ആരോപിച്ച് സന്ദീപ് പാണ്ഡെയെ ബനാറസ് സര്‍വകലാശാല പുറത്താക്കി

ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയനും മഗ്സസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെയെ ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ ഐ.ഐ.ടിയില്‍നിന്ന് പിരിച്ചുവിട്ടു. ലോകം ആദരിക്കുന്ന വിദ്യാഭ്യാസ വിദഗ്ധനായ പാണ്ഡെ രണ്ടര വര്‍ഷമായി കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ വിസിറ്റിങ് പ്രഫസറാണ്.  ഐ.ഐ.ടി. ബി.എച്ച്.യു ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗത്തിന്‍െറതാണ് പിരിച്ചുവിടല്‍ തീരുമാനം.
ഈ വര്‍ഷം ജൂലൈവരെയായിരുന്നു ഇദ്ദേഹത്തിന്‍െറ നിയമന കാലാവധിയെങ്കിലും ജനുവരി മുതല്‍ ജോലിയില്‍ തുടരേണ്ടതില്ളെന്നാണ്  ഉത്തരവ്. അച്ചടക്കത്തിനു നിരക്കാത്തവിധം ധര്‍ണയും പ്രകടനങ്ങളും നിരോധിത ഡോക്യുമെന്‍ററി പ്രദര്‍ശനവും സംഘടിപ്പിച്ചതു സംബന്ധിച്ച് അധികൃതര്‍ക്ക് ലഭിച്ച നിവേദനം പരിഗണിച്ചാണ് നടപടിയെന്ന് വാഴ്സിറ്റി വക്താവ് വ്യക്തമാക്കി.  ദേശദ്രോഹ- നക്സല്‍ അനുകൂലിയാണെന്നും കാമ്പസിന്‍െറയും രാജ്യത്തിന്‍െറയും  താല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇദ്ദേഹത്തിനെതിരെ സംഘ്പരിവാര്‍ പ്രചാരണം നടത്തിവരുന്നുണ്ട്.
കാമ്പസിലെ 40 ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെ സന്ദീപ്  നടത്തിയ പ്രക്ഷോഭം വാഴ്സിറ്റി അധികൃതര്‍ക്ക് തലവേദനയായിരുന്നു. തുടര്‍ന്ന് തീരുമാനം തിരുത്താന്‍ നിര്‍ബന്ധിതരായി.
ഡല്‍ഹിയില്‍ ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പഠനാവശ്യാര്‍ഥം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസും അധികൃതരും ഇടപെട്ട് തടഞ്ഞിരുന്നു. വാഴ്സിറ്റിയിലെ ആര്‍.എസ്.എസ് ദാര്‍ശനികരായ രണ്ടു പ്രഫസര്‍മാരാണ് പാണ്ഡെയുടെ പിരിച്ചുവിടലിന് സമ്മര്‍ദം ചെലുത്തിയത്.  യോഗ്യതയില്‍ കുറ്റം കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതിനാലാണ് പ്രത്യയശാസ്ത്രം ആരോപിച്ച് നടപടി സ്വീകരിക്കുന്നതെന്നും സന്ദീപ് പാണ്ഡെ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.