പത്താൻകോട്ട് ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ തൃപ്തനെന്ന് മോദി

പത്താൻകോട്ട്: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി. ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ തൃപ്തനെന്ന് മോദി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിവിധ സേനാവിഭാഗങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെയും ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി  അവരിൽ നിന്നും വിശദാംശങ്ങൾ ആരാഞ്ഞു.

ശനിയാഴ്ച രാവിലെയാണ് അദ്ദേഹം പത്താൻകോട്ടിലെത്തിയത്. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര, വ്യോമസേന മേധാവികള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു. മോദിയുടെ സന്ദർശനം പ്രമാണിച്ച് പത്താൻകോട്ടിൽ കർശന സുരക്ഷയാണ് ഒരുക്കിയിരുന്നത്. വിദേശ മാധ്യമങ്ങളടക്കമുള്ളവരുടെ വൻപടയും സ്ഥലത്തെത്തിയിരുന്നു. പഞ്ചാബിൻെറ അതിർത്തി മേഖലകളിൽ വ്യോമനീരീക്ഷണം നടത്തിയ പ്രധാനമന്ത്രി തുടർന്ന് വ്യോമസേനാംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പത്താൻകോട്ട് ആക്രമണത്തെ പറ്റി അന്വേഷിക്കാൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്ത്യ പാകിസ്താന് നൽകിയ തെളിവുകൾ വെച്ചാണ് പാകിസ്താൻ അന്വേഷണത്തിന് തീരുമാനിച്ചത്. പാക് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് ശരീഫ് നിർദേശം നൽകിയത്.അതിനിടെ, ഗുരുദാസ്പൂർ എസ്.പി സൽവീന്ദർ സിങ്ങിന് എൻ.ഐ.എ സമൻസ് അയച്ചു. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. പത്താൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇദ്ദേഹം നൽകിയ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ എൻ.ഐ.എ തീരുമാനിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.