മാട്ടിറച്ചി നിരോധം: ഹൈകോടതി വിധി ഉടന്‍

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ പോത്തൊഴിച്ചുള്ള മാട്ടിറച്ചി നിരോധിച്ചത് ചോദ്യംചെയ്ത ഹരജികളില്‍  വിധിപ്രഖ്യാപനം ഉടനുണ്ടാകും. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ ഹരജികള്‍ ബോംബെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപനത്തിനായി മാറ്റിവെച്ചു. ആരിഫ് കപാടിയ, അഭിഭാഷകന്‍ ഹരീഷ് ജഗ്താനി എന്നിവരും വിവിധ സംഘടനകളും നല്‍കിയ ഹരജിയില്‍ വാദം കേട്ടത് ജസ്റ്റിസുമാരായ എ.എസ്. ഓക, എസ്.സി. ഗുപ്ത എന്നിവരുടെ ബെഞ്ചാണ്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറി മാസങ്ങള്‍ക്കകമാണ് പോത്തൊഴിച്ചുള്ള മാടുകളെ അറുക്കുന്നതും മാംസം ഭക്ഷിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചത്.  ഗോവധ നിരോധ ബില്ലില്‍ ഭേദഗതി ചെയ്താണ് പുതിയ നിരോധം കൊണ്ടുവന്നത്. 1995ല്‍ ശിവസേന-ബി.ജെ.പി സഖ്യ സര്‍ക്കാറാണ് ബില്‍ ഭേദഗതി ചെയ്തത്.
എന്നാല്‍, ബില്ലിന് രാഷ്ട്രപതിയുടെ അനുമതിയുണ്ടായിരുന്നില്ല.
കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ കഴിഞ്ഞ മാര്‍ച്ചിലാണ് രാഷ്ട്രപതി ബില്ലിന് അനുമതി നല്‍കിയത്. ഇതോടെ മാടുകളെ അറുക്കുന്നതും മാംസം ഭക്ഷിക്കുന്നതും സൂക്ഷിക്കുന്നതും അഞ്ചുവര്‍ഷം തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമായി മാറി.
മാട്ടിറച്ചി നിരോധം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരെ ബോംബെ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.
മാടുകളെ അറുക്കുന്നത് നിരോധിക്കുന്ന തീരുമാനത്തില്‍ തല്‍ക്കാലം ഇടപെടുന്നില്ളെന്ന് വ്യക്തമാക്കിയ കോടതി, മാംസം സൂക്ഷിക്കുന്നതും ഭക്ഷിക്കുന്നതും നിരോധിച്ചതിനെതിരെയുള്ള വാദപ്രതിവാദങ്ങള്‍ക്കാണ് അവസരം നല്‍കിയത്.
പൗരന്‍ എന്തു ഭക്ഷിക്കുന്നു എന്ന് അടുക്കളയില്‍ കയറി പരിശോധിക്കാന്‍ ഇടനല്‍കുന്നതാണ് നിരോധ നിയമമെന്ന് വാദം കേള്‍ക്കലിനിടെ വിമര്‍ശിച്ച കോടതി അത്തരം നടപടികള്‍ ഉണ്ടാകരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ജീവനുള്ള മൃഗത്തോടുള്ള ക്രൂരതയാണ് മാട്ടിറച്ചി നിരോധത്തിനു പിന്നിലെ കാതലെന്നു പറഞ്ഞ സര്‍ക്കാറിനോട് ജീവനുള്ള മത്സ്യങ്ങളെയും നിരോധിക്കുമോ എന്ന ചോദ്യവും കോടതി ഉന്നയിക്കുകയുണ്ടായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.