ന്യൂഡല്‍ഹി: വിവിധ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും തീര്‍ത്ത പ്രതിരോധത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഹിന്ദുത്വ സംഘടനകളുടെ രാമക്ഷേത്ര സെമിനാറിന് തുടക്കമായി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് രാമക്ഷേത്ര നിര്‍മാണ വിഷയം വീണ്ടും സജീവമാക്കുന്നതിനിടെ, അന്തരിച്ച വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍ സ്ഥാപിച്ച ഹിന്ദുത്വ സംഘടനയായ ‘അരുന്ധതി വസിഷ്ഠ് അനുസന്ധാന്‍ പീഠ്’, വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദള്‍, എ.ബി.വി.പി, ഡല്‍ഹി യൂനിവേഴ്സിറ്റി സ്റ്റുഡന്‍റ് യൂനിയന്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പ്രതിഷേധിച്ച സംഘടനകളെ ഗേറ്റിന് മുമ്പില്‍ ബാരിക്കേഡ് കെട്ടി തടഞ്ഞാണ് സെമിനാറിന് ഡല്‍ഹി പൊലീസ് വേദിയൊരുക്കിയത്. വേദിയില്‍ അശോക് സിംഗാളിന്‍െറയും ശ്രീരാമന്‍െറയും ചിത്രങ്ങളും വേദിയോട് ചേര്‍ന്ന് ഒരുക്കിയ പ്രദര്‍ശനത്തില്‍ ബാബരി മസ്ജിദ് നിലനില്‍ക്കുന്ന സ്ഥാനത്താണ് രാമന്‍ ജനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണെന്ന് അവകാശപ്പെട്ട് ചിത്രങ്ങളും രേഖകളും ഒരുക്കിയിരുന്നു.
അയോധ്യയില്‍നിന്ന് കൊണ്ടുവന്ന പൂജിച്ച രാമശില ഉദ്ഘാടകനായ ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിക്ക് ഉപഹാരമായി നല്‍കി. സെമിനാര്‍ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പേ എന്‍.എസ്.യു.ഐ, ഐസ, എസ്.എഫ്.ഐ, കെ.വൈ.എസ് പ്രവര്‍ത്തകര്‍ സെമിനാര്‍ വേദിയായ ആര്‍ട്ട് ഫാക്കല്‍റ്റിക്ക് മുമ്പില്‍ നിലയുറപ്പിച്ചിരുന്നു.
വൈസ് ചാന്‍സലര്‍ക്കും ആര്‍.എസ്.എസിനുമെതിരെ മുദ്രാവാക്യം വിളിച്ച ഇവര്‍ക്കെതിരെ കാമ്പസിനകത്തുനിന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ തിരിച്ചും മുദ്രാവാക്യം വിളിച്ചു. ഇതോടെ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി പ്രയോഗിച്ചു. ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ. രാജഗോപാല്‍, രാമക്ഷേത്രത്തിന് കേസ് നടത്തുന്ന സുരേഷ് മിത്തല്‍, മധു മോഹന്‍ പാണ്ഡെ, പുരാവസ്തു വകുപ്പിലെ അരുണ്‍ കുമാര്‍ ശര്‍മ തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.