സൽവീന്ദർ സിങ്ങിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കും

ന്യൂഡൽഹി: ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങ്ങിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കിയേക്കുമെന്ന് റിപ്പോർട്ട്. പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന എൻ.ഐ.എ ആവശ്യപ്പെട്ടതനുസരിച്ചാണ് നുണപരിശോധന. ഭീകരർ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് സൽവീന്ദർ സിങിന്‍റെ മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്നതിനാലാണ് ഈ നീക്കം. ന്യൂഡൽഹിയിലാവും നുണപരിശോധന നടത്തുക. സൽവീന്ദറിന്‍റെ കാറിൽ നിന്ന് ഡി.എൻ.എ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.  

എസ്.പി സഞ്ചരിച്ചിരുന്ന നീല ബീക്കൺ ഘടിപ്പിച്ച എസ്.യു.വി യിലാണ് ഭീകരർ വ്യാമസേനാ താവളത്തിലെത്തിയത്. എസ്പിയുടെ മൂന്നു മൊബൈൽ ഫോണുകളിൽ രണ്ടെണ്ണം തീവ്രവാദികൾ കൈക്കലാക്കിയിരുന്നു. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലിൽനിന്നാണ് എസ്.പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തിൽ പോകുന്നതിനാലും രാത്രിയായതിനാലും റിവോൾവർ എടുക്കുകയോ സുരക്ഷാഗാർഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നാണ് സൽവീന്ദർ മൊഴിനൽകിയിരുന്നത്.

പത്താൻകോ‌ട്ടെ ആരാധനാലയത്തിലെ സ്ഥിരം സന്ദർശകനാണ് താനെന്ന വാദം ആരാധനാലയ അധികൃതർ കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. 13 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എസ്.പി രണ്ടര മണിക്കൂറിലേറെയെടുത്തു എന്ന കണ്ടെത്തലും സംശയത്തിനിടയാക്കിയിട്ടുണ്ട്. കൂടാതെ, സല്‍വീന്ദര്‍ സിങിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷ് വര്‍മയും പാചകക്കാരന്‍ മദന്‍ഗോപാലും ഇവരെ തട്ടികൊണ്ട് പോയ ദിവസം രാവിലെയും ഇതേ ആരാധനാലയം സന്ദര്‍ശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.