മാൽഡയിലെത്തിയ ബി.ജെ.പി നേതാക്കളെ തിരിച്ചയച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാല്‍ഡയിലുണ്ടായ വര്‍ഗീയ കലാപത്തെക്കുറിച്ചു അന്വേഷിക്കാനെത്തിയ ബി.ജെ.പി നേതാക്കളെ നിർബന്ധപൂർവം തിരച്ചയച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കലാപത്തെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച എം.പിമാരടങ്ങിയ സംഘത്തെയാണ് ജില്ലാ ഭരണകൂടം മാല്‍ഡ സ്റ്റേഷനില്‍ നിന്ന് തിരിച്ചയച്ചത്. ഇന്നു പുലര്‍ച്ചെ ആറരയോടെയാണ് ഇവർ സ്റ്റേഷനിലെത്തിയത്. ആക്രമണം നടന്ന കാളിയചക്കിലേക്ക് പോകാനായിരുന്നു സംഘം പദ്ധതിയിട്ടിരുന്നത്. കൊൽക്കത്തയിലേക്കുള്ള ട്രെയിനിനായി മൂന്ന് മണിക്കൂർ ഇവർക്ക് വി.ഐ.പി  ലോഞ്ചിൽ കഴിയേണ്ടി വന്നു.

എം.പിമാരായ എസ്.എസ്.അലുവാലിയ, ഭൂപേന്ദ്ര യാദവ്, വിഷ്ണ ദയാല്‍ റാം ബി.ജെ.പി  ബംഗാള്‍ ഘടകം നേതാക്കളായ ശരദ് ദ്വിവേദി, പ്രസൂണ്‍ ബാനര്‍ജി എന്നിവർക്കാണ് തിരിച്ചുപോകേണ്ടി വന്നത്. ഇവരുടെ സന്ദര്‍ശനം സംഘര്‍ഷാവസ്ഥ വർധിപ്പിക്കാൻ ഇടയാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. അതേസമയം, മമതാ ബാനർദി സര്‍ക്കാരിൻെറ സമ്മര്‍ദ്ദം മൂലമാണ് തങ്ങളെ തിരിച്ചയച്ചതെന്ന് എസ്.എസ്. അലുവാലിയ ആരോപിച്ചു.

ജനുവരി മൂന്നിനാണ് മാൽഡയിൽ സംഘർഷം ഉണ്ടായത്. അഖില ഭാരതീയ ഹിന്ദു മഹാസഭ നേതാവ് കമലേശ് തിവാരി പ്രവാചകൻ മുഹമ്മദിനെ ആക്ഷേപിച്ചു എന്നാരോപിച്ച് പ്രദേശത്തെ മുസ്ലിംകൾ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് സംഘർഷം ഉണ്ടായത്. അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷനും പരിസരത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും തീവെച്ചു. അതേസമയം, മാൽഡയിലേത് വര്‍ഗീയകലാപമല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ബി.എസ്.എഫും പ്രദേശവാസികളും തമ്മിലുള്ള പ്രശ്‌നമാണിതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. മമതാ ബാനർജി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്.
 

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.