ജെല്ലിക്കെട്ടിന് അനുമതി നൽകി വിജ്ഞാപനമിറക്കണമെന്ന് മോദിയോട് ജയലളിത

ന്യൂഡൽഹി: തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ചുള്ള ജെല്ലിക്കെട്ടിന് അനുമതി നൽകാൻ വിജ്ഞാപനം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജെല്ലിക്കെട്ടിന് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജഞാപനം സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ജയലളിത ഈ ആവശ്യമുന്നയിച്ചത്. ഈ മാസം 15ന് നടക്കുന്ന ജെല്ലിക്കെട്ടിന് ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നത്.

ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരത തന്നെയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 21ാം നൂറ്റാണ്ടിലും വിനോദത്തിനായി മൃഗങ്ങളെ പീഡിപ്പിക്കരുതെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ജെല്ലിക്കെട്ടിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ചോദ്യംചെയ്ത് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും മൃഗസ്നേഹികളുടെ മൂന്ന് സംഘടനകളുമാണ് സുപ്രീംകോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചത്. ജെല്ലിക്കെട്ടിനും കാളപൂട്ടിനും കോഴിപ്പോരിനും അനുമതി നല്‍കിയ ജനുവരി ഏഴിലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യംചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.

2014 ൽ ജെല്ലിക്കെട്ടിന് സുപ്രീംകോടതി അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് കേന്ദ്രസർക്കാർ വ്യവസ്ഥകളോടെ ജെല്ലിക്കെട്ടിന് അനുമതി നൽകി വിജ്ഞാപനം പുറപ്പെടുവിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.