പത്താന്‍കോട്ട് ഭീകരാക്രമണം: എസ്.പി കുടുങ്ങും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ചോദ്യം ചെയ്തുവരുന്ന പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ അറസ്റ്റു ചെയ്യാന്‍ സാധ്യതയേറി.
മയക്കുമരുന്ന് റാക്കറ്റുമായി എസ്.പിക്ക് ബന്ധമുണ്ടെന്നും അത് ഭീകരശൃംഖലയിലേക്ക് എത്തിയിരിക്കാമെന്നുമുള്ള സംശയമാണ് ബലപ്പെട്ടത്.
മൊഴിയിലെ വൈരുധ്യത്തെതുടര്‍ന്ന്, കാര്‍ റാഞ്ചലിനു മുമ്പ് പ്രാര്‍ഥിക്കാന്‍ കയറിയെന്നു പറയുന്ന ക്ഷേത്രത്തിന്‍െറ കെയര്‍ടേക്കറെയും എന്‍.ഐ.എ ചോദ്യം ചെയ്യും. ഭീകരര്‍ നുഴഞ്ഞുകയറിയത് ബമിയാല്‍ ഗ്രാമത്തിലേക്കാണെന്നാണ് നിഗമനം. ഈ ഗ്രാമത്തിലെ പഞ്ച് പീര്‍ ദര്‍ഗയുടെ കെയര്‍ടേക്കര്‍ സോംരാജിനെയാണ് ചോദ്യം ചെയ്യാന്‍ വിളിച്ചത്. പാചകക്കാരന്‍ മദന്‍ ഗോപാലിനു പുറമെ, സല്‍വീന്ദറിനെ മൂന്നാം ദിവസമായ ബുധനാഴ്ചയും ചോദ്യം ചെയ്യും.
സല്‍വീന്ദര്‍ സിങ്ങിനെയും ഒപ്പമുണ്ടായിരുന്ന രണ്ടു പേരെയും വഴിയില്‍തള്ളി കൈക്കലാക്കിയ ഒൗദ്യോഗിക വാഹനത്തിലാണ് ഭീകരര്‍ പത്താന്‍കോട്ട് എത്തിയത്. തങ്ങളെ ഭീഷണിപ്പെടുത്തി വണ്ടി റാഞ്ചുകയായിരുന്നുവെന്നാണ് സല്‍വീന്ദര്‍ പറയുന്നത്. സല്‍വീന്ദറിനെ പോളിഗ്രാഫ് പരിശോധനക്ക് വിധേയനാക്കും. ജമ്മു-കശ്മീരിലെ സാംബ, കത്വ മേഖലകളില്‍ എന്‍.ഐ.എ സംഘം നേരിട്ടത്തെി അന്വേഷണം നടത്തി.
പത്താന്‍കോട്ടെ ഭീകരാക്രമണവും ഇവിടത്തെ ഭീകരാക്രമണങ്ങളും തമ്മില്‍ സമാനത കണ്ടതിനെ തുടര്‍ന്നാണിതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് കണ്ടുകിട്ടിയ മൊബൈല്‍ ഫോണ്‍ ചണ്ഡിഗഢിലെ കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് അയച്ചിട്ടുണ്ട്. പൊലീസ് ഓഫിസര്‍ക്കൊപ്പമുണ്ടായിരുന്ന ജ്വല്ലറിക്കാരന്‍ രാജേഷ് വര്‍മയുടെയും പാചകക്കാരന്‍ മദന്‍ ഗോപാലിന്‍െറയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നതിനു പുറമെ, സാഹചര്യങ്ങളും സല്‍വീന്ദറിന് എതിരാണ്. വര്‍മക്ക് പരിക്കേറ്റപ്പോള്‍ സല്‍വീന്ദര്‍ സിങ്ങിനോ ഗോപാലിനോ പരിക്കില്ല. ഇന്നോവ കാറിന്‍െറ ഡ്രൈവര്‍ ഇകാഗര്‍ സിങ്ങിനെ ഭീകരര്‍ കൊല്ലുകയും ചെയ്തു. പ്രാര്‍ഥന കഴിഞ്ഞ് ക്ഷേത്രത്തില്‍നിന്ന് രാത്രി ഒമ്പതരയോടെ പോയ സിങ്ങിനെ അര്‍ധരാത്രി 12.30നു ശേഷമാണ് ഭീകരര്‍ വിട്ടതെന്നാണ് പറയുന്നത്. ഈ മണിക്കൂറുകളില്‍ ഭീകരര്‍ എന്തു ചെയ്തുവെന്ന കാര്യം വ്യക്തമല്ല. എസ്.പിയുടെ കൈവശം നാലു മൊബൈല്‍ നമ്പറുകള്‍ ഉണ്ടായിരുന്നു. ഇതിന്‍െറ ആവശ്യമെന്താണെന്നും പരിശോധിക്കുന്നു.

50 രൂപക്ക് വ്യോമതാവളത്തില്‍ കയറാം

ന്യൂഡല്‍ഹി: 50 രൂപ കൈക്കൂലി കൊടുത്താല്‍ കന്നുകാലികളുമായി നാട്ടുകാര്‍ക്ക് പത്താന്‍കോട്ട് വ്യോമതാവളത്തില്‍ കടക്കാമെന്ന് വെളിപ്പെടുത്തല്‍.
ആക്രമണം നടത്തിയ ഭീകരര്‍ക്ക് വ്യോമതാവളത്തില്‍നിന്ന് സഹായം കിട്ടിയെന്നതിന് ബലമേകുന്ന തെളിവ് സി.എന്‍.എന്‍-ഐ.ബി.എന്‍ ചാനലാണ് പുറത്തുവിട്ടത്. പണംകൊടുത്താല്‍ ആര്‍ക്കും വ്യോമതാവളത്തില്‍ കടക്കാമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭീകരര്‍ക്ക് ഉദ്യോഗസ്ഥര്‍ സഹായം നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്. ഇത്തരക്കാരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ച് പിടികൂടാനാണ് ശ്രമം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.