എസ്.പി സല്‍വീന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്യല്‍ തുടരുന്നു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രം ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ്ങിനെ മൂന്നാം ദിവസവും ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്തു. സല്‍വീന്ദര്‍ സിങ്ങിന്‍െറ മൊബൈല്‍ ഫോണില്‍നിന്നുള്ള വിളികള്‍ പരിശോധിച്ച എന്‍.ഐ.എ സംഘം ചില ഫോണ്‍ നമ്പറുകള്‍ സംശയാസ്പദമെന്ന നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടവയാണ് ഈ നമ്പറുകളെന്ന് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നു.

ഇതിനിടെ, പത്താന്‍കോട്ടെ വ്യോമസേനാ കേന്ദ്രത്തിനു പുറത്തുനിന്ന് എന്‍.ഐ.എ സംഘം ഒരു ചൈനീസ് വയര്‍ലെസ് സെറ്റ് കണ്ടെടുത്തു. തെളിവുകള്‍ക്കായി പ്രദേശത്ത് പരതുന്നതിനിടയിലാണ് വയര്‍ലെസ് സെറ്റ് കിട്ടിയതെന്ന് അധികൃത കേന്ദ്രങ്ങള്‍ പറഞ്ഞു. ഈ ഉപകരണം ചണ്ഡിഗഢിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയച്ചു. അതിര്‍ത്തിമേഖലയോടു ചേര്‍ന്ന പഞ്ചാബിലെ പഞ്ച് പീര്‍ ദര്‍ഗയുടെ കെയര്‍ടേക്കര്‍ സോംരാജിനെ വ്യാഴാഴ്ച എന്‍.ഐ.എ സംഘം ചോദ്യം ചെയ്യും. ഭീകരര്‍ തട്ടിക്കൊണ്ടുപോയതിനു മുമ്പ് സല്‍വീന്ദര്‍ സിങ് ഈ ക്ഷേത്രം സന്ദര്‍ശിച്ചുവെന്ന് പറഞ്ഞിരുന്നു.

ഭീകരര്‍ സൈനിക കെട്ടിടത്തില്‍ 24 മണിക്കൂര്‍ ഒളിച്ചിരുന്നു
പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്താനത്തെിയ ഭീകരര്‍ മിലിട്ടറി എന്‍ജിനീയറിങ് സര്‍വിസിന്‍െറ (എം.ഇ.എസ്) കെട്ടിടത്തില്‍ 24 മണിക്കൂര്‍ ഒളിച്ചിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കണ്ടത്തെി. നാലുപേരടങ്ങുന്ന ഭീകരസംഘം എം.ഇ.എസ് കെട്ടിടത്തിന്‍െറ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്. തുടര്‍ന്ന് വെടിക്കോപ്പുകളും മറ്റും ഇതിനകത്ത് ഒളിപ്പിച്ചു. ഇവര്‍ ഇവിടെവെച്ച് ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തതായി കണ്ടത്തെി. ഭീകരര്‍  മുമ്പും എം.ഇ.എസ് കെട്ടിടത്തില്‍ പ്രവേശിച്ചിരുന്നെന്നും ആ മുന്‍പരിചയമാണ് അതീവ സുരക്ഷാ മേഖലയായിരുന്നിട്ടും ഒളിച്ചിരിക്കാന്‍ ഇവരെ സഹായിച്ചതെന്നുമാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.