ന്യൂഡല്‍ഹി: വരള്‍ച്ചയും കാലംതെറ്റിയ മഴയുംമൂലം വിളനശിച്ച കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ വിള ഇന്‍ഷുറന്‍സ് പദ്ധതി. കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതി ഗുണകരമാകാത്ത സാഹചര്യത്തിലാണ് പുതിയ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
നിലവിലെ പദ്ധതിക്ക് പ്രീമിയം കൂടുതലാണ്. എന്നാല്‍, ഇന്‍ഷുറന്‍സ് തുകക്ക് പരിധി നിശ്ചയിച്ചിരുന്നു. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജന (പി.എം.എഫ്.ബി.വൈ) എന്ന പേരില്‍ ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിളനാശത്തിന് പരിധിയില്ലാത്ത ഇന്‍ഷുറന്‍സാണ് വാഗ്ദാനം. പ്രീമിയം നന്നെ കുറവും. ഖാരിഫ് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് തുകയുടെ രണ്ടു ശതമാനവും റാബി വിളകള്‍ക്ക് ഒന്നര ശതമാനവും ഹോര്‍ട്ടി കള്‍ചറര്‍-വാണിജ്യവിളകള്‍ക്ക് അഞ്ചു ശതമാനവും പ്രീമിയം മതി.
പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജുണ്ടാവും. എന്നാല്‍, മനുഷ്യനിര്‍മിത നാശത്തിന് സുരക്ഷയില്ല. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്‍കും. നഷ്ടം സംബന്ധിച്ച വിവരം ശേഖരിക്കാന്‍ സ്മാര്‍ട്ട് ഫോണ്‍ അധിഷ്ഠിത സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. കാര്‍ഷിക വായ്പ എടുത്തവരും ഇല്ലാത്തവരും ഇന്‍ഷുറന്‍സിന് അര്‍ഹരാണ്.
പാട്ടഭൂമികളില്‍ കൃഷി ഇറക്കുന്നവര്‍ക്ക് നഷ്ടം സംഭവിച്ചാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന കര്‍ഷക സാക്ഷ്യപത്രം ആധാരമാക്കി തുക അനുവദിക്കും. കേരളത്തിലും ആന്ധ്രയിലും നിലവിലുള്ള ഈ വ്യവസ്ഥ രാജ്യമൊട്ടുക്കും വ്യാപിപ്പിക്കും. പദ്ധതി ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി വഹിക്കും. കര്‍ഷകരെ സാമ്പത്തിക തകര്‍ച്ചയില്‍നിന്നും ആത്മഹത്യാ മുനമ്പില്‍ നിന്നും മോചിപ്പിക്കുമെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി രാധാമോഹന്‍ സിങ്, നഗരവികസന മന്ത്രി എം. വെങ്കയ്യ നായിഡു എന്നിവര്‍ പറഞ്ഞു.
നിലവിലെ പദ്ധതിയില്‍ 23 ശതമാനം കര്‍ഷകര്‍ മാത്രമേ അംഗത്വമെടുത്തിരുന്നുള്ളൂ. പുതിയ പദ്ധതി മുഖേന മൂന്നു വര്‍ഷത്തിനകം 50 ശതമാനം കര്‍ഷകരെ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരാന്‍ ശ്രമം നടത്തും. 8800 കോടി രൂപയാണ് സര്‍ക്കാറിന് ചെലവു വരുക. ഏത് ഇന്‍ഷുറന്‍സ് കമ്പനി മുഖേനയാണ് പദ്ധതി നടപ്പാക്കുക എന്ന് തീരുമാനിച്ചിട്ടില്ല. ഇതിന് ടെന്‍ഡര്‍ ക്ഷണിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.