മസൂദ് അസ്ഹർ പൊലീസ് കസ്റ്റഡിയിലെന്ന് പാക് മന്ത്രി

ലാഹോർ: പത്താൻകോട്ട് ഭീകരാക്രമണത്തിന്‍റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന ജയ്ശെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ പൊലrസ് കസ്റ്റഡിയിലെന്ന് പാക്മന്ത്രിയുടെ സ്ഥിരീകരണം. പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിയമ മന്ത്രി റാണ സനാവുല്ലയാണ് മസൂദ് അസ്ഹറും കൂട്ടാളികളും സുരക്ഷാ തടങ്കലിലാണെന്ന് ഡോൺ ന്യൂസിനോട് പറഞ്ഞത്. അസ്ഹറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പത്താൻകോട്ട് ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചാബ് പൊലീസിലെ തീവ്രവാദ വിരുദ്ധവിഭാഗം അദ്ദേഹത്തെ സുരക്ഷാ തടങ്കലിൽ വെക്കുക മാത്രമാണെന്നും മന്ത്രി  വിശദീകരിച്ചു. നിരോധിത സംഘടനയായ ജയ്ശെ മുഹമ്മദിനെതിരെയുള്ള നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം മുതൽ  അസ്ഹർ കസ്റ്റഡിയിലാണെന്ന് പാകിസ്താൻ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അസ്ഹറിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ഇന്ത്യക്ക് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന്  വിദേശകാര്യവക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. അസ്ഹറിനെ  കസ്റ്റഡിയിൽ എടുത്തതിനെക്കുറിച്ച് സ്ഥിരീകരിക്കാൻ പാക് സർക്കാരും തയ്യാറായിരുന്നില്ല.

അറസ്‌റ്റിനെക്കുറിച്ചു തനിക്കറിയില്ലെന്നാണ് പാക് വിദേശകാര്യമന്ത്രാലയ വക്‌താവ് ഖാസി ഖലീലുല്ല ഇസ്‌ലാമാബാദിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് അസ്ഹർ കസ്റ്റഡിയിലുണ്ടെന്ന് പാക് മന്ത്രി വിശദമാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.