പത്താന്‍കോട്ട് ഭീകരാക്രമണം: പൊലീസ് ഓഫിസര്‍ക്ക് നുണപരിശോധന

ന്യൂഡല്‍ഹി: പത്താന്‍കോട്ട് എത്തുംമുമ്പ് ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന പഞ്ചാബിലെ മുതിര്‍ന്ന പൊലീസ് ഓഫിസര്‍ സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ തീരുമാനിച്ചു. നാലു ദിവസത്തെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിനുശേഷവും സല്‍വീന്ദര്‍ സിങ്ങിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ സംശയിക്കുന്ന സാഹചര്യത്തിലാണ് പോളിഗ്രാഫ് ടെസ്റ്റ്. 
പഞ്ചാബില്‍ ശക്തമായ വേരോട്ടമുള്ള മയക്കുമരുന്നു മാഫിയയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മയക്കുമരുന്നു മാഫിയയും ഭീകരശൃംഖലയുമായുള്ള ബന്ധമാണ് പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ എത്താന്‍ ഭീകരര്‍ക്ക് വഴിയൊരുക്കിയതെന്ന സംശയം ബലപ്പെട്ടുകഴിഞ്ഞു. 
മയക്കുമരുന്നു മാഫിയാബന്ധത്തിലൂടെ സല്‍വീന്ദര്‍ സിങ് ഭീകരശൃംഖലയുടെ സഹായക കണ്ണികളിലൊന്നായിത്തീര്‍ന്നുവെന്ന് എന്‍.ഐ.എ കരുതുന്നു. ഇയാള്‍ പറയുന്ന മൊഴികളിലെ വൈരുധ്യം പുറത്തുവന്നിരിക്കുകയാണ്. തട്ടിക്കൊണ്ടുപോയെന്ന് പറയുന്നദിവസം കാറിലുണ്ടായിരുന്ന ജ്വല്ലറിക്കാരന്‍, പാചകക്കാരന്‍, പ്രാര്‍ഥിക്കാന്‍ കയറിയെന്നുപറയുന്ന സിഖ് ക്ഷേത്രത്തിലെ പുരോഹിതന്‍ എന്നിവരുടെ ചോദ്യംചെയ്യലോടെയാണ് മൊഴികളിലെ വൈരുധ്യം വര്‍ധിച്ചത്. പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍, അതിനു വിധേയനാവുന്ന വ്യക്തിയുടെ സമ്മതം വേണം. സല്‍വീന്ദര്‍ പോളിഗ്രാഫിന് സമ്മതം മൂളിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.