സുഷമ സ്വരാജ് ഫലസ്തീനിൽ; മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും

ടെൽഅവീവ്: രണ്ട് ദിവസത്തെ ഫലസ്തീൻ- ഇസ്രയേൽ സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ടെൽഅവീവിലെത്തി. ടെൽഅവീവ് വിമാനത്താവളത്തിൽ ഇസ്രയേൽ ഉദ്യോഗസ്ഥർ സുഷമയെ സ്വീകരിച്ചു. ഇന്ന് രാവിലെ റോഡ് മാർഗം വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലേക്ക് സുഷമ പോകും.

റാമല്ലയിൽ ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും വിദേശകാര്യ മന്ത്രി റിയാദ് അൽ മാലിക്കിയുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഗാർഡൻ ഒാഫ് നേഷനിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന സുഷമ, അന്തരിച്ച ഫലസ്തീൻ നേതാവ് യാസർ അറാഫത്തിന്‍റെ ഖബറിടം സന്ദർശിക്കും.

ഫലസ്തീനിൽ ഇന്ത്യ നിർമിച്ചു നൽകുന്ന ഇന്ത്യ-ഫലസ്തീൻ ഡിജിറ്റൽ ലേണിങ് ആൻഡ് ഇന്നവേഷൻ സെന്‍ററിന്‍റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി നിർവഹിക്കും. റാമല്ലയിൽ നിന്ന് ടെൽഅവീവിൽ മടങ്ങിയെത്തുന്ന സുഷമ,  ഇരുരാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചർച്ച നടത്തും.

ഈ വര്‍ഷം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് സുഷമയുടെ സന്ദര്‍ശനം. മൂന്ന് മാസങ്ങൾക്ക് മുമ്പ് രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി ഇരുരാജ്യങ്ങളിലും സന്ദർശം നടത്തിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.