ദേശീയ പുരസ്കാരം സ്വീകരിക്കാന്‍ കൊച്ചുധീരന്മാരെത്തി

ന്യൂഡല്‍ഹി: പുലിയെ തോല്‍പിച്ച് ഗുഹയില്‍നിന്ന് രാജകുമാരിയെ രക്ഷിച്ച യോദ്ധാവിന്‍െറ കഥ വായിച്ചുരസിക്കേണ്ട പ്രായമേ ആയിട്ടുള്ളൂ അര്‍ജുന്‍ സിങ്ങിന്. പക്ഷേ, അവനത് ചെയ്തുകാണിച്ചു. പശുവിന് പുല്ലരിഞ്ഞുകൊണ്ടുനിന്ന അമ്മക്കുമേല്‍ ചാടിവീണ കടുവയെ അരിവാളുകൊണ്ട് നേരിട്ട് തോല്‍പിച്ച് ഉത്തരാഖണ്ഡുകാരനായ 15കാരന്‍. അര്‍ജുന്‍ ഉള്‍പ്പെടെ അസാമാന്യ ധീരതക്കുള്ള ദേശീയ പുരസ്കാരത്തിനര്‍ഹരായ 23 മിടുക്കരാണ് രാഷ്ട്രപതിയുടെ അതിഥികളായി റിപ്പബ്ളിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലത്തെിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇവര്‍ക്ക് വിരുന്നൊരുക്കും. പ്രഫഷനല്‍ കോഴ്സുകള്‍ക്കുള്‍പ്പെടെ പഠനച്ചെലവും സ്കോളര്‍ഷിപ്പും നല്‍കും.

ഇവരെ തലസ്ഥാനത്തിന് പരിചയപ്പെടുത്താന്‍ ഇന്ത്യന്‍ ശിശുക്ഷേമ കൗണ്‍സില്‍ അധ്യക്ഷ ഗീതാ സിദ്ദാര്‍ഥ പേരുവിളിച്ചപ്പോള്‍ അഞ്ചു വീരന്മാര്‍ കേരളത്തില്‍നിന്നുള്ളവര്‍. വടക്കന്‍പാട്ടിലെ വീരനായകന്‍ ആരോമലിന്‍െറ പേരാണ് നെയ്യാറ്റിന്‍കരക്കാരായ ജി. സുനില്‍ കുമാറും മിനികുമാരിയും മകന് നല്‍കിയത്. പേരുവിളിച്ച മാതാപിതാക്കള്‍ക്ക് തെറ്റിയില്ളെന്ന് 12 വയസ്സിനകം അവന്‍ തെളിയിച്ചു. വീടിനടുത്ത പുഴയില്‍ മുങ്ങിത്താഴ്ന്ന രണ്ടുപേരുടെ ജീവന്‍രക്ഷിച്ച് അവന്‍ നാടിന്‍െറ ഓമനയായി. ശാസ്ത്രജ്ഞനാവണം എന്നാണ് ആരോമലിന്‍െറ ആഗ്രഹം.

കോഴിക്കോട് വില്യാപ്പള്ളിയിലെ കുഞ്ഞബ്ദുല്ലയുടെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ഷംനാദ്, കോട്ടയം മണിപ്പുഴയിലെ മാത്യുവിന്‍െറയും ബിനുവിന്‍െറയും മകന്‍ നിഥിന്‍ ഫിലിപ് മാത്യൂ, വൈക്കം കുടവച്ചൂരിലെ ദിലീപിന്‍െറയും സുപതയുടെയും മകന്‍ അനന്തു, തിരുവനന്തപുരം പള്ളിത്തുറയിലെ ടെറിയുടെയും റീജയുടെയും മകന്‍ ബിഥോവന്‍, കണ്ണൂര്‍ കീഴാറ്റൂരിലെ പ്രകാശന്‍െറയും ബിന്ദുവിന്‍െറയും മകന്‍ അഭിജിത് എന്നിവരാണ് മലയാളത്തിന്‍െറ പെരുമ ഭാരതത്തോളം ഉയര്‍ത്തിയത്.

പുഴയില്‍വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ച ഷംനാദിന് ഐ.ടി എന്‍ജിനീയറാവാനും തീപിടിത്തത്തില്‍നിന്ന് നാടിനെ രക്ഷിച്ച നിഥിന് ഐ.എ.എസുകാരനാവാനുമാണ് ആഗ്രഹം. വെള്ളത്തില്‍നിന്ന് കൂട്ടുകാരനെ രക്ഷിച്ച അനന്തുവിനും അഭിജിത്തിനും വൈദ്യുതാഘാതമേറ്റ സഹപാഠിയെ രക്ഷിച്ച ബിഥോവനും പൊലീസും സായുധസേനകളുമാണ് കമ്പം.

ഓമനിച്ചും പ്രശംസിച്ചും മാധ്യമപ്രവര്‍ത്തകരും കാമറകളും ഇവര്‍ക്കു ചുറ്റും തിരിയുമ്പോള്‍ രണ്ട് അമ്മമാര്‍ അപ്പുറം മാറി ഇരിപ്പുണ്ടായിരുന്നു. പുഴയില്‍ വീണ കൂട്ടുകാരെ രക്ഷിക്കുന്നതിനിടെ മരണംവരിച്ച ഗൗരവ കൗഡുജി സഹസ്രബുദ്ധയുടെ അമ്മ രേഖയും സരയൂ നദിയില്‍ മുങ്ങിയ ബാലനെ രക്ഷിക്കാന്‍ ശ്രമിച്ച് ശിവാംശ് സിങ്ങിന്‍െറ അമ്മ നീലവും. സഹജീവികളെ രക്ഷിക്കാന്‍ ജീവന്‍കൊടുത്ത മക്കള്‍ക്കുവേണ്ടി അവര്‍ക്കുലഭിച്ച വീരമുദ്രാബഹുമതി ഈ അമ്മമാര്‍ ഏറ്റുവാങ്ങും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.