പത്താന്‍കോട്ട് ഭീകരാക്രമണം: ദിനേശന്‍െറ തീവ്രവാദ ബന്ധം അന്വേഷിക്കുന്നു

മാനന്തവാടി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസിന്‍െറ കസ്റ്റഡിയിലുള്ള മലയാളിയുടെ തീവ്രവാദബന്ധം അന്വേഷിക്കുന്നു. കഴിഞ്ഞദിവസമാണ് മാനന്തവാടി പിലാക്കാവ് പഞ്ചാരക്കൊല്ലി അടുക്കത്ത് കളിയൂര് ദിനേശന്‍ എന്ന റിയാസിനെ (38) മുറാദാബാദിലെ ലോഡ്ജില്‍നിന്നും ഉത്തര്‍പ്രദേശ് സ്പെഷല്‍ ടീം കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കൊപ്പം നാല് മാലി സ്വദേശികളെയും കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ വിട്ടയച്ചു. ദിനേശന്‍െറ മൊഴികളിലെ വൈരുധ്യത്തെതുടര്‍ന്ന് കൂടുതല്‍ ചോദ്യംചെയ്യുകയാണ്. അതിനിടെ ഉത്തര്‍പ്രദേശ് പൊലീസിന്‍െറ സ്പെഷല്‍ ടീമില്‍പെട്ട വിനായക് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയില്‍ എത്തി വിശദമായ അന്വേഷണം നടത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച അന്വേഷണത്തില്‍ ഒരുമാസം മുമ്പ് വരെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ദിനേശന്‍ വിളിച്ചതായി കണ്ടത്തെി.
ഇതിന്‍െറ അടിസ്ഥാനത്തില്‍ പത്തിലേറെ പേരില്‍നിന്നും മൊഴി രേഖപ്പെടുത്തി. ഒരുമാസത്തോളം മലപ്പുറം തിരൂരില്‍ ഇയാള്‍ താമസിച്ചതായി കണ്ടത്തെിയിട്ടുണ്ട്. സൗദിയില്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. അതിന് ശേഷമാണ് മതംമാറിയതെന്നും റിയാസ് എന്ന പേര് സ്വീകരിച്ചതെന്നും പറയുന്നു. മുറാദാബാദില്‍ ജീന്‍സ് വില്‍പനകേന്ദ്രത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. ഉര്‍ദു നല്ലവണ്ണം സംസാരിക്കുന്ന ഇയാള്‍ 2000ല്‍ സ്പിരിറ്റ് കടത്ത് കേസുമായി ബന്ധപ്പെട്ട് ജയില്‍വാസം അനുഭവിച്ചിരുന്നു. തുടര്‍ന്ന് ടാക്സി ഡ്രൈവറായി ജോലിചെയ്യവെ 2002ല്‍ വനത്തിനുള്ളില്‍നിന്നും ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിലും അറസ്റ്റിലായി.
പിന്നിട് മുംബൈയിലേക്ക് കടന്നു. അവിടെ ബേക്കറിയില്‍ ജോലിചെയ്യുന്നതിനിടെയാണ് തീവ്രവാദ ബന്ധമുള്ളവരെ പരിചയപ്പെട്ടത്. നാട്ടില്‍നിന്ന് പോയതിനുശേഷവും പല സുഹൃത്തുക്കളെയും വിളിച്ച് ആപത്തില്‍പെട്ടിരിക്കുകയാണെന്നും പണം അയച്ചുതരണമെന്നുമാവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ട് നമ്പറും നല്‍കിയിരുന്നു. പണം അയച്ചവര്‍ പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചെറുപ്പം മുതല്‍ ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്ന ഇയാള്‍ പിതാവിന്‍െറ മരണശേഷം പിതാവിന്‍െറ അനുജന്‍െറ വീട്ടിലും പരിസരത്തെ വീടുകളിലും മാറി താമസിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.