കാമ്പസുകളില്‍ പ്രതിഷേധം തുടരുന്നു

ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യചെയ്ത സംഭവത്തില്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല അടക്കം രാജ്യത്തെ വിവിധ കാമ്പസുകളില്‍ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നു. ഹൈദരാബാദിനു പുറമെ ഡല്‍ഹി, മുംബൈ, പുണെ, ചെന്നൈ നഗരങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്. നാല് ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതിനു പുറമെ, രോഹിതിന്‍െറ കുടുംബത്തിന് അഞ്ചു കോടി രൂപ നല്‍കണമെന്നും ഒരു കുടുംബാംഗത്തിന് ജോലി നല്‍കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും ഹൈദരാബാദ് സര്‍വകലാശാലയിലത്തെി പ്രതിഷേധക്കാരെ കണ്ടു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യാഴാഴ്ച കാമ്പസ് സന്ദര്‍ശിക്കും. രോഹിതിന്‍െറ കുടുംബത്തെയും അദ്ദേഹം കാണും. ബംഗളൂരുവിലേക്ക് ചികിത്സക്ക് പോകാനിരുന്ന കെജ്രിവാള്‍ യാത്ര മാറ്റുകയായിരുന്നു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്‍െറ ഭാഗമാണ് സര്‍വകലാശാലയിലെ സംഭവങ്ങളെന്ന് യെച്ചൂരി പറഞ്ഞു. സ്മൃതി ഇറാനി രാജിവെക്കണമെന്നും സംഭവത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസഹിഷ്ണുത ഹിന്ദുരാഷ്ട്ര നിര്‍മിതിയുടെ ഭാഗമാണ്. രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കിയ യെച്ചൂരി, എന്തടിസ്ഥാനത്തിലാണ് മികച്ച സര്‍വകലാശാലക്കുള്ള പുരസ്കാരം കഴിഞ്ഞ വര്‍ഷം സമ്മാനിച്ചതെന്ന് വിസിറ്റര്‍ കൂടിയായ രാഷ്ട്രപതിയോട് ആരായുമെന്നും കൂട്ടിച്ചേര്‍ത്തു.
വൈസ് ചാന്‍സലറെ പുറത്താക്കാത്തപക്ഷം താന്‍ സര്‍വകലാശാല ഭരണസമിതി അംഗമായി തുടരുന്നത് നീതികേടാണെന്നു കാണിച്ച് ടി.എന്‍. സീമ എം.പി രാഷ്ട്രപതിക്ക് കത്തയച്ചതായും സീതാറാം യെച്ചൂരി അറിയിച്ചു. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയുടെയും സ്മൃതി ഇറാനിയുടെയും രാജിക്ക് പ്രതിപക്ഷ പാര്‍ട്ടികളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയേന്‍ പറഞ്ഞു. ബി.ജെ.പി സഖ്യകക്ഷിയായ ആര്‍.പി.ഐ നേതാവ് രാംദാസ് അതാവലെയും കാമ്പസ് സന്ദര്‍ശിച്ചു. എന്നാല്‍, ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അദ്ദേഹത്തോട് കാമ്പസ് വിടാനാവശ്യപ്പെട്ടു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്കു മുന്നില്‍ പ്രകടനം നടത്തിയ ഓള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ ചില പ്രവര്‍ത്തകരെ പൊലീസ് കരുതല്‍ തടങ്കലിലാക്കി.

മൂന്നുപേരെ എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: രോഹിതിന്‍െറ മരണവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍നിന്ന് മൂന്ന് ആരോപിതരെ ഹൈദരാബാദിലെ ഗച്ചിബൗലി പൊലീസ് ഒഴിവാക്കി. വി.സി അപ്പാറാവു, കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്‍. രാമചന്ദ്രറാവു, കൃഷ്ണ ചൈതന്യ, നന്ദനം സുശീല്‍ കുമാര്‍, നന്ദനം ദിവാകര്‍ എന്നിവര്‍ക്കെതിരെയാണ് സര്‍വകലാശാലയിലെ ഗവേഷകന്‍ ദോന്ത പ്രശാന്ത് പരാതി നല്‍കിയത്. ആരോപിതര്‍ സര്‍വകലാശാല അധികൃതരുമൊത്തു ചേര്‍ന്ന് നടത്തിയ മാനസിക പീഡനമാണ് ആത്മഹത്യക്ക് വഴിയൊരുക്കിയത് എന്നായിരുന്നു പരാതി. എന്നാല്‍, എഫ്.ഐ.ആര്‍ തയാറാക്കിയപ്പോള്‍ മൂന്നുപേരെ പൊലീസ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദറാവു വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

നീതി ഉറപ്പാക്കണം –ജമാഅത്ത്
ന്യൂഡല്‍ഹി: രോഹിത് വെമുലയുടെ മരണത്തിനുത്തരവാദികളെ ഉടനടി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പുറത്താക്കിയ മറ്റു വിദ്യാര്‍ഥികളെ തിരിച്ചെടുക്കണമെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഘടകം ആവശ്യപ്പെട്ടു. ദലിതുകള്‍ക്കെതിരായ അതിക്രമവും അസഹിഷ്ണുതയും വളര്‍ന്നുവരുന്നത് അരക്ഷിതബോധം സൃഷ്ടിക്കുമെന്നും പിന്നാക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ മുന്നേറ്റം മുരടിക്കുമെന്നും ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ അഭിപ്രായപ്പെട്ടു. രോഹിതിന്‍െറ തടഞ്ഞുവെച്ച ഫെലോഷിപ് തുകയും കുടുംബത്തിന് നഷ്ടപരിഹാരവും ഉടന്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

24ന് അഖിലേന്ത്യ ഐക്യദാര്‍ഢ്യ ദിനം
ന്യൂഡല്‍ഹി: രോഹിത് വെമുലക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 24ന് രാജ്യമൊട്ടുക്കും ഐക്യദാര്‍ഢ്യ ദിനം ആചരിക്കും. സി.പി.എം ആഭിമുഖ്യത്തിലുള്ള ദലിത് ശോഷണ്‍ മുക്തി മഞ്ച്, സന്നാദ്ധസംഘടനകളായ നാഷനല്‍ കാമ്പയിന്‍ ഓണ്‍ ദലിത് ഹ്യൂമന്‍ റൈറ്റ്സ്, നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ദലിത് ഓര്‍ഗനൈസേഷന്‍സ് എന്നിവയുടെ നേതൃത്വത്തിലാണ് ദിനാചരണം. 23ന് ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ വിളക്കുതെളിക്കും. രാജ്യമൊട്ടുക്കും ജാതി അതിക്രമങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുമെന്നും ഡിസംബര്‍ അഞ്ചിന് രാംലീല മൈതാനത്ത് പടുകൂറ്റന്‍ സംഗമം നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.