പ്രതിഷേധം പുകയുമ്പോള്‍ തെലങ്കാന മുഖ്യമന്ത്രി ഷോപ്പിങ്ങില്‍

ഹൈദരാബാദ്: ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയെച്ചൊല്ലി രാജ്യത്ത് പ്രതിഷേധം പുകയുമ്പോള്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഷോപ്പിങ് തിരക്കില്‍. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറാകാഞ്ഞ മുഖ്യമന്ത്രി ബുധനാഴ്ച തുണിക്കടയിലായിരുന്നു.
ഉച്ചയോടെ ഹൈദര്‍ഗുഡയിലെ ശ്രീ സായി ഖാദി വസ്ത്രാലയയില്‍ തുണിയെടുക്കാനത്തെിയ മുഖ്യമന്ത്രി പുതിയ ഷര്‍ട്ടിനും പാന്‍റ്സിനും തുണി വാങ്ങി അത് തുന്നാന്‍ കൊടുത്താണ് മടങ്ങിയത്. ചുറ്റും പ്രതിഷേധജ്വാലകളുയരുമ്പോള്‍ ഷോപ്പിങ്ങില്‍ അഭിരമിച്ച മുഖ്യമന്ത്രിയെ കൈയില്‍ കിട്ടിയ ഫോട്ടോഗ്രാഫര്‍മാര്‍ കാമറയില്‍ പകര്‍ത്താന്‍ തിരക്കിട്ടത്തെി. എന്നാല്‍, തികച്ചും സ്വകാര്യ കാര്യമാണെന്നും അത് മാനിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകനും ഐ.ടി, പഞ്ചായത്തീരാജ് മന്ത്രിയുമായ കെ.ടി. രാമറാവുവാകട്ടെ, ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും അറിയാതെ ഒരു സ്വകാര്യയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
ആഭ്യന്തരമന്ത്രി എന്‍. നരസിംഹ റെഡ്ഡിയും ഒരു കലണ്ടര്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു.
ഈ സമയം, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരം ചെയ്യുന്ന വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളൊന്നും വിഷയത്തില്‍ പ്രതികരണമറിയിച്ചിട്ടില്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവും പ്രതികരിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.