കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം

ബംഗളൂരു: കര്‍ണാടകയില്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിന് പണം ചോദിക്കുന്ന എം.എല്‍.എമാരുടെ ഒളികാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പരസ്പരം പഴിചാരി രാഷ്ട്രീയ പാര്‍ട്ടികള്‍. സംഭവം വിവാദമായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് വിശദീകരണം തേടി. തെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ വോട്ടിന് കോടികള്‍ ചോദിക്കുന്നതിന്‍െറ ദൃശ്യങ്ങള്‍ രണ്ടു ദേശീയ ചാനലുകളാണ് വ്യാഴാഴ്ച രാത്രി പുറത്തുവിട്ടത്. ജനതാദള്‍-എസ് എം.എല്‍.എമാരായ മല്ലികാര്‍ജുന കുബെ, ജി.ടി. ദേവഗൗഡ, കെ.ജെ.പിയുടെ ബി.ആര്‍. പാട്ടീല്‍, സ്വതന്ത്ര എം.എല്‍.എ വര്‍ത്തൂര്‍ പ്രകാശ് എന്നിവരാണ് വോട്ടിനു പണം ആവശ്യപ്പെടുന്ന ദൃശ്യത്തിലുള്ളത്.

കര്‍ണാടകയില്‍നിന്ന് രാജ്യസഭയിലേക്ക് ഒഴിവുവരുന്ന നാലു സീറ്റുകളിലേക്ക് ജൂണ്‍ 11നാണ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്‍െറ മൂന്നും ബി.ജെ.പി, ജനതാദള്‍-എസ് പാര്‍ട്ടികളുടെ ഓരോ സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുള്ളത്. കോണ്‍ഗ്രസിന് രണ്ടും ബി.ജെ.പിക്ക് ഒരു സീറ്റിലും വിജയം ഉറപ്പാണ്.
നാലാമത്തെ സീറ്റിനാണ് മത്സരം. എം.എല്‍.എമാരെ പണംകൊടുത്ത് ചാക്കിലാക്കുന്നതിന്‍െറ സൂത്രധാരന്‍ മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ കുറ്റപ്പെടുത്തി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരെ വിലക്കുവാങ്ങി പാര്‍ട്ടി അംഗങ്ങളാക്കി നിയമസഭയില്‍ ബി.ജെ.പി ഭൂരിപക്ഷം നേടിയ ചരിത്രം എല്ലാവര്‍ക്കും അറിയാമെന്ന് മുഖ്യമന്ത്രി മറുപടിനല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.