സ്കൂളുകളില്‍ ഫീസ് കൂട്ടാന്‍ പി.ടി.എയുടെ സമ്മതം തേടണം –കേന്ദ്രം

ന്യൂഡല്‍ഹി: സ്കൂളുകളില്‍ അന്യായമായി ഫീസ് വര്‍ധിപ്പിക്കുന്നതിന് തടയിടുമെന്ന് കേന്ദ്ര മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി. അധ്യയനവര്‍ഷത്തിന്‍െറ പാതിവഴിയില്‍ ഫീസ് വര്‍ധന അനുവദിക്കില്ല. ഫീസ് കൂട്ടുന്നതിനുമുമ്പ് അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ സമ്മതം തേടണമെന്നും വര്‍ധന ആനുപാതികമായിരിക്കണമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കും. എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പൂര്‍ണമായും വെബ്സൈറ്റുകളില്‍ ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക കമ്പനിയുടെ പാഠപുസ്തകങ്ങള്‍ അടിച്ചേല്‍പിക്കാന്‍ സ്കൂളുകള്‍ക്ക് അനുവാദമില്ല. ഗ്രാമീണമേഖലകളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ ഉതകുംവിധം സ്ഥലംമാറ്റ നയം നടപ്പാക്കാന്‍ സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പത്തുവര്‍ഷത്തിലേറെ നഗരമേഖലകളില്‍ മാത്രം ജോലി ചെയ്ത അധ്യാപകരെ ഗ്രാമങ്ങളിലേക്ക് പുനര്‍വിന്യസിക്കണം.

അധ്യാപകരുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് കര്‍ശനമായ നിലവാര-യോഗ്യതാ മാനദണ്ഡങ്ങള്‍ നടപ്പാക്കും. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് മുഴുവന്‍ അധ്യാപകര്‍ക്കും പരിശീലനം നല്‍കും. മൊബൈല്‍ ആപ്പുകള്‍ വഴി പരിശീലനം നേടാവുന്ന ഡിപ്ളോമ പാഠ്യപദ്ധതി ‘സ്വയം’ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കും. വേദ, സംസ്കൃത പഠന ബോര്‍ഡ് രൂപവത്കരിക്കുന്നതു സംബന്ധിച്ച് സര്‍ക്കാറിന് ശിപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും വിദഗ്ധ സമിതികളുമായി കൂടിയാലോചിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന സമിതി അധ്യക്ഷന്‍ ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍െറ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഏതെങ്കിലും തലക്കെട്ട് മോഹികളെ മഹാനായി വാഴിക്കാനുദ്ദേശിച്ചുള്ളതല്ല ദേശീയ വിദ്യാഭ്യാസ നയമെന്ന് മന്ത്രി മറുപടി നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.