മാധ്യമപ്രവര്‍ത്തകര്‍ മാറ്റത്തിന്‍െറ സന്ദേശവാഹകരാവണം –മന്ത്രി മേനക ഗാന്ധി

സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളും പരിഹാരമാര്‍ഗങ്ങളും മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ ധരിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യത്തിന്‍െറ അടിത്തട്ടില്‍നിന്നുള്ള ശബ്ദങ്ങള്‍ ഭരണകൂടത്തിനു മുന്നിലും ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍െറ മുക്കുമൂലകളിലും എത്തിക്കുന്ന മാറ്റത്തിന്‍െറ സന്ദേശവാഹകരായി മാധ്യമപ്രവര്‍ത്തകര്‍ മാറണമെന്ന്  കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള വനിതാ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച്  മന്ത്രാലയം സംഘടിപ്പിച്ച ദേശീയ മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ഏറ്റവും സമഗ്രമായ പദ്ധതികള്‍ പലതട്ടുകളിലായി ആവിഷ്കരിച്ചുവരുന്നതായും മേനക പറഞ്ഞു.
മന്ത്രാലയത്തിനു കീഴില്‍ നടപ്പാക്കിവരുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചും ശില്‍പശാല ചര്‍ച്ചചെയ്തു. സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകളും പരിഹാരമാര്‍ഗങ്ങളും മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിയെ ധരിപ്പിച്ചു.
കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍,  മന്ത്രാലയം സെക്രട്ടറി ലീന നായര്‍ എന്നിവര്‍ സംസാരിച്ചു. ബേട്ടി ബച്ചാവോ ബേട്ടി പഠാഓ, ചൈല്‍ഡ്ലൈന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രദര്‍ശനവും നടന്നു. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍നിന്നായി 250 പേരാണ് പങ്കെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.