ന്യൂഡല്‍ഹി: സെപ്റ്റംബറില്‍ മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുന്ന മുറക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റാന്‍ ബി.ജെ.പിയും സംഘ്പരിവാറും സമ്മര്‍ദം മുറുക്കുന്നത് ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ വ്യാപക ചര്‍ച്ചക്ക് വഴിവെച്ചു.
1992നുശേഷം എല്ലാ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ക്കും അഞ്ചുവര്‍ഷ പ്രവര്‍ത്തന കാലാവധി നല്‍കിപ്പോരുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന രഘുറാം രാജന് രണ്ടാമൂഴം നല്‍കുമെന്ന പ്രതീക്ഷകള്‍ക്കിടയിലാണ്, അദ്ദേഹത്തെ മാറ്റാന്‍ പിന്നാമ്പുറ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സര്‍ക്കാറിന്‍െറ തെറ്റായ നയസമീപനങ്ങളെ തുറന്നെതിര്‍ക്കുന്നതാണ് കാരണം.
രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കരുതെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്. വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ച ചോദ്യങ്ങള്‍ പുറംലോകത്തുനിന്ന് നേരിടേണ്ടിവന്നു. സെപ്റ്റംബറിലാണ് രാജന്‍ വിരമിക്കുന്നതെന്നിരിക്കേ, അപ്പോഴേക്ക് തീരുമാനമെടുത്താല്‍ പോരേ എന്ന മറുചോദ്യമാണ് മോദി ഉയര്‍ത്തിയത്.
2008ലെ ആഗോള സാമ്പത്തികമാന്ദ്യം പ്രവചിച്ചതടക്കം, അന്താരാഷ്ട്രതലത്തില്‍ രൂപപ്പെടുന്ന സാമ്പത്തികമാറ്റങ്ങളെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയാണ് രഘുറാം രാജന്‍ ശ്രദ്ധേയനായത്. അന്താരാഷ്ട്ര നാണ്യനിധിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപരിചയമുള്ള അദ്ദേഹം 2013ലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായത്. അതിനുമുമ്പ് യു.പി.എ സര്‍ക്കാറിന്‍െറ സാമ്പത്തിക ഉപദേശകനുമായിരുന്നു.
വിലക്കയറ്റവും നാണ്യപ്പെരുപ്പവും പ്രതിസന്ധിയായി നിന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്‍െറ ഉറച്ച നിലപാടുകള്‍ രൂപയുടെ മൂല്യസ്ഥിരതക്കും സമ്പദ്രംഗത്തെ പ്രതിസന്ധി ഘട്ടത്തില്‍ മെച്ചപ്പെടുത്തുന്നതിനും ഏറെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, അദ്ദേഹത്തെ ഒഴിവാക്കാനുള്ള നടപടികള്‍ക്ക് വ്യവസായസമൂഹവും എതിരാണ്.
മോദി സര്‍ക്കാര്‍ ഏറെ വിമര്‍ശം ഏറ്റുവാങ്ങിയ അസഹിഷ്ണുതാ പ്രശ്നത്തില്‍ അടക്കം രഘുറാം രാജന്‍ പ്രകടിപ്പിച്ച തുറന്ന അഭിപ്രായങ്ങളാണ് സംഘ്പരിവാറിന്‍െറ ഇഷ്ടക്കേടുകള്‍ക്ക് കാരണം. പലിശനിരക്കുകളിലെ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രേരിപ്പിച്ച ഘട്ടത്തില്‍, സമ്പദ്രംഗത്തെ ഇന്ത്യയുടെ സ്ഥിരതക്ക് അനുകൂലമായ നിലപാടുമായി മുന്നോട്ടുപോയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെയും പ്രകോപിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.