ജെ.എന്‍.യു വിഡിയോ: ആധികാരികത സി.ബി.ഐ ലാബ് ശരിവെച്ചെന്ന് പൊലീസ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്താന്‍ ആധാരമാക്കിയ വിഡിയോ ഫൂട്ടേജുകളുടെ ആധികാരികത സി.ബി.ഐ ലാബിലെ ഫോറന്‍സിക് പരിശോധനയില്‍ തെളിയിക്കപ്പെട്ടതായി പൊലീസ്.
ഒരു ഹിന്ദി ചാനലില്‍നിന്ന് ലഭിച്ച എഡിറ്റ് ചെയ്യാത്ത ഫൂട്ടേജ്, കാമറ, മെമ്മറികാര്‍ഡ് എന്നിവയാണ് പരിശോധനക്ക് നല്‍കിയത്. ഫൂട്ടേജ് ആധികാരികമാണെന്ന് വ്യക്തമാക്കി സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയതായി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി ഒമ്പതിന് കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യകുമാര്‍, വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ഭന്‍ ഭട്ടാചാര്യ തുടങ്ങിയവര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ഈ വിഡിയോ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. പിന്നീട് പൊലീസ് കാമ്പസില്‍ കടന്നുകയറി കനയ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മറ്റ് ചില ലാബുകളിലേക്കും വിഡിയോ അന്വേഷണത്തിന് നല്‍കിയിരുന്നുവെന്നും ഗുജറാത്തിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ആധികാരികത ശരിവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.
അതേസമയം, ഡല്‍ഹി സര്‍ക്കാറിന്‍െറ നിര്‍ദേശാനുസരണം ജില്ലാ മജിസ്ട്രേറ്റ് നടത്തിയ അന്വേഷണത്തില്‍ ഈ വിഡിയോ ദൃശ്യങ്ങളില്‍ മാറ്റത്തിരുത്തലുകള്‍ നടത്തിയതായാണ് കണ്ടത്തെിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.