മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പദവിയിലെ രണ്ടാമൂഴത്തില്‍ താനുണ്ടാകില്ലെന്ന് രഘുറാം രാജന്‍. സെപ്റ്റംബര്‍ നാലിനാണ് ഗവര്‍ണര്‍ പദവിയില്‍ അദ്ദേഹത്തിന്‍െറ മൂന്നുവര്‍ഷത്തെ കാലാവധി തീരുന്നത്. തുടര്‍ന്നും രാജന്‍ തന്നെ ആ പദവിയിലുണ്ടാകുമോ എന്നതു സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ രാജ്യത്ത് നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ഇദ്ദേഹത്തെ പിന്തുണക്കുന്ന പ്രസ്താവനകളാണ് നേരത്തെ നടത്തിയത്. എന്നാല്‍, ഏറ്റവുമൊടുവില്‍ റിസര്‍വ് ബാങ്കിന്‍െറ പണ-വായ്പാ നയപ്രഖ്യാപനവേളയില്‍ സ്ഥാനത്ത് തുടരുമോയെന്നതു സംബന്ധിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നപ്പോഴും മനസ്സുതുറക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഷികാഗോ യൂനിവേഴ്സിറ്റിയില്‍നിന്നുള്ള അവധി അവസാനിക്കുകയാണെന്നും പഠനഗവേഷണ രംഗത്തേക്കുതന്നെ തിരിച്ചുപോകുകയാണെന്നും അദ്ദേഹം റിസര്‍വ് ബാങ്ക് സ്റ്റാഫിന് അയച്ച കത്തില്‍ പറഞ്ഞു. സര്‍ക്കാറുമായി ആലോചിച്ചാണ് തീരുമാനമെന്നും വ്യക്തമാക്കി. എന്നാല്‍, ഗവര്‍ണര്‍ പദവിയില്‍ അദ്ദേഹം തുടരുന്നതുസംബന്ധിച്ച് ബി.ജെ.പി രാജ്യസഭാംഗം സുബ്രമണ്യന്‍ സ്വാമിയടക്കമുയര്‍ത്തിയ രാഷ്ട്രീയ വിവാദങ്ങളില്‍ മനംമടുത്താണ് സ്ഥാനമൊഴിയലെന്നാണ് വിലയിരുത്തല്‍. 2009ല്‍ തുടങ്ങിയ ആഗോള സാമ്പത്തികമാന്ദ്യം കൃത്യമായി പ്രവചിച്ച സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലാണ് ആഗോളരംഗത്ത് അദ്ദേഹം പ്രശസ്തനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.