മന്ത്രിസഭയില്‍ അഴിച്ചുപണി: അംബരീഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നടത്തിയ മന്ത്രിസഭാ പുന:സംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്‍ അംബരീഷ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. തന്‍െറ പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. 2018ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാറിന്‍െറ പ്രതിച്ഛായ നന്നാക്കല്‍ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ അഴിച്ചുപണി നടത്തിയത്.

അതേസമയം, പലയിടത്തും അനുയായികളുടെ പ്രതിഷേധങ്ങള്‍ അക്രമത്തില്‍ കലാശിച്ചു.  അംബരീഷിന്‍െറ അനുയായി മാണ്ഡ്യയില്‍ തെരുവില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചങ്കെിലും പൊലീസും മറ്റു പ്രതിഷേധക്കാരും ചേര്‍ന്ന് തടഞ്ഞു. മന്ത്രിസ്ഥാനം പോയ എം. കൃഷ്ണപ്പയുടെ അനുയായികള്‍ വിജയനഗറില്‍ മെട്രോ ട്രെയിന്‍ എട്ട് മിനിറ്റോളം തടഞ്ഞുവെക്കുകയും ബംഗളൂരു- മൈസൂര്‍ ദേശീയപാത തടയുകയും ചെയ്തു. രാജശേഖര്‍ പട്ടീല്‍ എം.എല്‍.എ ബിദാര്‍ ജില്ലയില്‍ ബന്ദ് പ്രഖ്യാപിക്കുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. കൂടാതെ മല്ലികായ ഗട്ടേദര്‍, ഡെപ്യൂട്ടി സ്പക്കര്‍ ശിവശങ്കര റെഡ്ഢി തുടങ്ങിയവരുടെ അനുയായികളും പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു.

നിലവിലെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന 14 പേര്‍ക്ക് സ്ഥാനം നഷ്ടമായപ്പോള്‍ 13 പേര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതുപേര്‍ക്ക് കാബിനറ്റ് പദവിയും നാലുപേര്‍ക്ക് സഹമന്ത്രി സ്ഥാനവും നല്‍കിയാണ് മന്ത്രിസഭയിലുള്‍പ്പെടുത്തിയത്. ഞായറാഴ്ച വൈകീട്ട് നാലിന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.

കഗോഡു തിമ്മപ്പ, തന്‍വീര്‍ സേട്ട്, രമേശ് കുമാര്‍, ബസവരാജ് രായ റെഡ്ഡി, എച്ച്.വൈ. മേതി, എസ്.എസ്. മല്ലികാര്‍ജുന്‍, എം.ആര്‍. സീതാറാം, സന്തോഷ് ലാഡ്, രമേശ് ജാര്‍കിഹോളി എന്നിവര്‍ക്കാണ് കാബിനറ്റ് പദവി ലഭിച്ചത്.

പ്രിയങ്ക് ഖാര്‍ഗെ, രുദ്രപ്പ ലമണി, ഈശ്വര്‍ കന്ദ്രെ, പ്രമോദ് മാധവരാജ് എന്നിവര്‍ക്ക് സഹമന്ത്രി സ്ഥാനം ലഭിച്ചു. കാബിനറ്റ് പദവി ലഭിച്ച കഗോഡു തിമ്മപ്പയും രമേശ് കുമാറും മുന്‍ നിയമസഭാ സ്പീക്കര്‍മാരാണ്. സഹമന്ത്രി സ്ഥാനം ലഭിച്ച പ്രിയങ്ക് ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ്.

ഖമറുല്‍ ഇസ്ലാം, ഷമനൂര്‍ ശിവശങ്കരപ്പ, വി. ശ്രീനിവാസ പ്രസാദ്, എം.എച്ച്. അംബരീഷ്, വിനയ്കുമാര്‍ സൊരാകെ, സതീഷ് ലക്ഷ്മണറാവു ജാര്‍കിഹോളി, ബാബുറാവു ചിഞ്ചന്‍സൂര്‍, ശിവരാജ് തങ്കഡാഗി, എസ്.ആര്‍. പാട്ടീല്‍, മനോഹര്‍ എച്ച്. തഹസില്‍ദാര്‍, കെ. അഭയചന്ദ്ര ജെയിന്‍, ദിനേശ് ഗുണ്ടുറാവു, കിമ്മനെ രത്നാകര്‍, പി.ടി. പരമേശ്വര്‍ നായിക് എന്നിവരാണ് മന്ത്രിസഭയില്‍നിന്ന് പുറത്തായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.