ന്യൂഡല്‍ഹി: കേരളത്തില്‍ പട്ടികജാതി-വര്‍ഗ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നാലര കോടി രൂപ നല്‍കാമെന്ന് കേന്ദ്ര സാമൂഹികനീതി മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട് മന്ത്രി എ.കെ. ബാലനെ അറിയിച്ചു. സംസ്ഥാനം ഒന്നര കോടി രൂപകൂടി ചെലവിട്ട് പണി നിര്‍വഹിക്കും.
സംസ്ഥാനത്തെ 30,968 ഭൂരഹിത പട്ടികജാതി കുടുംബങ്ങള്‍ക്കും വീടില്ലാത്ത 26,210 കുടുംബങ്ങള്‍ക്കും അവ നല്‍കുന്നതിന് കേന്ദ്രത്തില്‍നിന്ന് സഹായം തേടി. ഭൂമി നല്‍കാന്‍ 1151 കോടിയും വീടിന് 756 കോടിയുമാണ് ആവശ്യപ്പെട്ടത്. ഗ്രാമങ്ങളില്‍ അഞ്ചു സെന്‍റും നഗരസഭകളില്‍ മൂന്നു സെന്‍റും വീതം ഭൂമി നല്‍കാനാണ് പദ്ധതി.
അഞ്ചുലക്ഷം ഏക്കര്‍ കേരളത്തില്‍ ഭൂസ്വാമിമാര്‍ കൈക്കലാക്കിവെച്ചിട്ടുണ്ടെന്നും അനധികൃതമായി ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചുവെച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര വികസന കോര്‍പറേഷനു കീഴില്‍ തിരുവനന്തപുരത്ത് ഫിലിം സിറ്റി തുടങ്ങാന്‍ 20 കോടിയും സംസ്ഥാന ഫിലിം ആര്‍ക്കേവിന് 10 കോടിയും കേന്ദ്രസഹായം വേണമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയോട് ആവശ്യപ്പെട്ടു. സംസ്ഥാന വികസനത്തിന് കാര്‍ഷിക -ടൂറിസം അടിസ്ഥാനമാക്കി പദ്ധതി ആരംഭിച്ചാല്‍ തൊഴിലില്ലായ്മക്ക് പരിഹാരമാകുമെന്ന് ധനമന്ത്രി നിര്‍ദേശിച്ചു. ഇവ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും ജെയ്റ്റ്ലിയുടെ അഭിപ്രായം മാത്രമാണിതെന്നും മന്ത്രി ബാലന്‍ പറഞ്ഞു. ദേശീയ പാതക്ക് സമാന്തരമായി വടക്കു-തെക്ക് സാമ്പത്തിക ഇടനാഴി ആരംഭിക്കുന്നതിന് കേരളം മുന്‍കൈയെടുക്കണമെന്ന് ജെയ്റ്റ്ലി നിര്‍ദേശിച്ചതായും ബാലന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.