ന്യൂഡല്‍ഹി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസ കമീഷന്‍ രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. അഴിമതിയും വിവാദങ്ങളുംമൂലം ചീത്തപ്പേര് നേടിയ കൗണ്‍സിലിന് ബദലായി ആരംഭിക്കേണ്ട കമീഷന്‍ സംബന്ധിച്ച രൂപരേഖ നിതി ആയോഗ് തയാറാക്കി. പാഠ്യപദ്ധതി, കോളജുകള്‍ക്ക് അംഗീകാരം, മെഡിക്കല്‍ നൈതികത എന്നിവയില്‍ മേല്‍നോട്ടം വഹിക്കുന്ന മൂന്നു സ്വതന്ത്ര ഘടകങ്ങളായാണ് കമീഷന്‍ രൂപവത്കരിക്കുക. ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ പ്രഗല്ഭര്‍ ഉള്‍ക്കൊള്ളുന്ന പാനല്‍ ഇതിനു മേല്‍നോട്ടം വഹിക്കണമെന്നാണ് ആയോഗ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലെ സമിതി ശിപാര്‍ശ ചെയ്യുന്നത്. കമീഷന്‍ അംഗങ്ങള്‍ അവര്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനത്തില്‍ ജോലിയില്‍ തുടര്‍ന്നുകൊണ്ടുതന്നെയാണ് രാജ്യത്തിന്‍െറ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കുവേണ്ട ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക. മെഡിക്കല്‍ വിദ്യാഭ്യാസവും കോളജുകളിലെ സൗകര്യങ്ങളും ലോകനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
പനഗരിയക്കു പുറമെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്ര, സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവരുള്‍പ്പെട്ട സമിതി ആരോഗ്യരംഗത്തെ പ്രമുഖരും മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധികളുമായി ഇതുസംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തിവരുകയാണ്. കോളജിന് അംഗീകാരം നല്‍കാനായി കൈക്കൂലി വാങ്ങിയ അധ്യക്ഷന്‍ അറസ്റ്റിലായ സംഭവംപോലും മെഡിക്കല്‍ കൗണ്‍സിലിന്‍െറ ചരിത്രത്തില്‍ നാണക്കേടായുണ്ട്. ഇത്തരം അനാശാസ്യതകള്‍ ആവര്‍ത്തിക്കാത്ത രീതിയിലാവും പുതിയ സംവിധാനം ചിട്ടപ്പെടുത്തുക എന്നാണ് നിതി ആയോഗ് അധികൃതര്‍ നല്‍കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.