പാവപ്പെട്ടവര്‍ക്ക് പാചകവാതക കണക്ഷന് 2000 കോടി

ന്യൂഡല്‍ഹി: പാവപ്പെട്ടവന്‍െറ അടുക്കളയിലേക്ക് പാചകവാതകം എത്തിക്കാന്‍ ബജറ്റില്‍ നീക്കിവെച്ചത് 2000 കോടി രൂപ.  ദാരിദ്ര്യരേഖക്കുതാഴെയുള്ള പാചകവാതക കണക്ഷന്‍ ഇല്ലാത്തതുമായ കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കാനാണ് ഈ തുക. ഒന്നര കോടി കുടുംബങ്ങള്‍ക്ക് ഇതിന്‍െറ പ്രയോജനം ലഭിക്കും. ഒരു മണിക്കൂര്‍ വിറകടുപ്പിന് അടുത്തിരിക്കുന്നത് 400 സിഗരറ്റ് വലിക്കുന്നതിന് സമാനമാണ്. ഈ ദുരിതത്തില്‍നിന്ന് ഗ്രാമീണ സ്ത്രീകളെ സംരക്ഷിക്കാനാണ് പദ്ധതിയെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. വീട്ടിലെ സ്ത്രീകളുടെ പേരിലാണ് കണക്ഷന്‍ അനുവദിക്കുക. രണ്ടു വര്‍ഷംകൂടി തുടരുന്ന പദ്ധതിപ്രകാരം അഞ്ചു കോടി ദരിദ്ര കുടുംബങ്ങളില്‍ പാചകവാതക കണക്ഷന്‍ എത്തിക്കും. സബ്സിഡി നിരക്കില്‍ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കുന്നതും സബ്സിഡി എടുത്തുകളയുന്നതും ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ മുന്നിലിരിക്കെയാണ് പാവപ്പെട്ടവര്‍ക്ക് എല്‍.പി.ജി കണക്ഷന്‍ പദ്ധതിയുമായി കേന്ദ്രം രംഗത്തുവന്നത്.

പ്രതിരോധ വിഹിതം ബജറ്റ് പ്രസംഗത്തില്‍ ഒഴിവാക്കി
ന്യൂഡല്‍ഹി: പതിവിനു വിപരീതമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിരോധ വിഹിതം ബജറ്റ് പ്രസംഗത്തില്‍നിന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഒഴിവാക്കി. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നടപ്പുവര്‍ഷം പ്രതിരോധ വിഹിതം 2.24 ലക്ഷം കോടി രൂപയാണെങ്കില്‍, അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ 2,49,099 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍, ബജറ്റ് രേഖകളില്‍നിന്നു മാത്രമാണ് ഈ വിവരം ലഭിക്കുന്നത്. 

ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതുവഴി സര്‍ക്കാറിന് കൂടുതല്‍ പ്രതിരോധച്ചെലവ് വരുന്നുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ ആനുപാതിക വര്‍ധന ഇക്കൊല്ലം അവകാശപ്പെടാനില്ളെന്നിരിക്കെയാണ് പ്രതിരോധ വിഹിതം ബജറ്റ് പ്രസംഗത്തില്‍ ഇടംപിടിക്കാതിരുന്നത്. സൈനികര്‍ക്കും ദേശസുരക്ഷക്കും വലിയ പരിഗണന സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നു കാണിക്കാന്‍ പതിറ്റാണ്ടുകളായി ബജറ്റ് പ്രസംഗത്തില്‍ വിഹിതം എത്രയെന്ന് എടുത്തുപറയുക പതിവാണ്. കഴിഞ്ഞ വര്‍ഷം 2.46 ലക്ഷം കോടിയാണ് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 1.74 ശതമാനമാണ് പ്രതിരോധ വിഹിതം കഴിഞ്ഞതവണ കുറഞ്ഞത്. ഇതുവഴി ജി.ഡി.പിയുടെ 13.88 ശതമാനമായി പ്രതിരോധ വിഹിതം മാറി. എന്നാല്‍, പിന്നീട് പുതുക്കിനിശ്ചയിച്ചപ്പോള്‍ തുക 2.24 ലക്ഷം കോടിയിലേക്ക് പിന്നെയും കുറഞ്ഞു. ഇതേക്കുറിച്ച വിശദീകരണങ്ങള്‍ ഒഴിവാക്കാന്‍കൂടിയാണ് മന്ത്രി പ്രതിരോധ വിഹിതം പറയാതെ വിട്ടുകളഞ്ഞതെന്നാണ് സൂചന. 


പുറത്തുനിന്നുള്ള ഭക്ഷണത്തിന് ചെലവേറും
ന്യൂഡല്‍ഹി: റസ്റ്റാറന്‍റുകളില്‍ പോയി ഭക്ഷണം കഴിക്കുന്നതിനും സ്ഥലം വാങ്ങുന്നതിനും ഇന്‍ഷുറന്‍സിനുമെല്ലാം ഇനി ചെലവേറും. മൊബൈല്‍ ഫോണ്‍ വിളികള്‍ക്കും ചെലവ് കൂടും. സേവനനികുതി വര്‍ധിപ്പിച്ചില്ളെങ്കിലും എല്ലാ സേവനങ്ങളിലും 0.5 ശതമാനം കൃഷി കല്യാണ്‍ സെസ് ഏര്‍പ്പെടുത്തിയതോടെ സേവനനികുതി 15 ശതമാനമായി. അതോടെയാണ് ജൂണ്‍ ഒന്നു മുതല്‍ ചെലവേറുന്നത്. പരസ്യം, വ്യോമഗതാഗതം, ആര്‍കിടെക്ടിന്‍െറ സേവനം, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ഇവന്‍റ് മാനേജ്മെന്‍റ് എന്നിവക്കും വില കൂടും. 

ഹോട്ടല്‍, റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ സേവനമേഖലകള്‍ക്കും ടെലികോം മേഖലക്കും കൃഷി കല്യാണ്‍ സെസ് തിരിച്ചടിയാകും. ആഡംബരകാറുകള്‍ക്ക് ഒരു ശതമാനം നികുതിവര്‍ധിക്കുന്നതോടെ 10 ലക്ഷം രൂപക്കുമേല്‍ വിലയുള്ള കാറുകള്‍ക്ക് വില കൂടും. ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയ ചെറിയ പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി കാറുകള്‍ക്കും 2.5 ശതമാനം സെസ് ഏര്‍പ്പെടുത്തിയ ഡീസല്‍ കാറുകള്‍ക്കും നാലു ശതമാനം ഏര്‍പ്പെടുത്തിയ എസ്.യു.വികള്‍ക്കും വിലയുയരും. പുകയില ഉല്‍പന്നങ്ങളുടെ എക്സൈസ് നികുതി 10 മുതല്‍ 15 ശതമാനം വരെ ഉയര്‍ത്തി. ഇതോടെ സിഗരറ്റിനും വിലയുയരും. 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് ആറു ശതമാനം എക്സൈസ് നികുതി. ഇമിറ്റേഷന്‍ ആഭരണങ്ങള്‍ക്കും വില കൂടും.

ദരിദ്ര കുടുംബങ്ങള്‍ക്ക് ഒരു ലക്ഷത്തിന്‍െറ ആരോഗ്യ പരിരക്ഷാ പദ്ധതി
ന്യൂഡല്‍ഹി: ജനസമൂഹത്തിന് നല്ല വിദ്യാഭ്യാസവും ഭക്ഷണവും പരിരക്ഷയും ലഭിക്കാത്തിടത്തോളം ഒരു രാഷ്ട്രീയത്തിനും നിലനില്‍പ്പില്ളെന്ന വിവേകാനന്ദ വാക്യം ഉദ്ധരിച്ച് സാമൂഹിക സുരക്ഷാ പദ്ധതികള്‍ വിശദീകരിച്ച ധനമന്ത്രി ദാരിദ്ര്യരേഖക്കു താഴെയുള്ള കുടുംബങ്ങള്‍ക്കായി പുതിയ ആരോഗ്യപരിരക്ഷാ പദ്ധതി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി വരുന്ന ആശുപത്രിച്ചെലവുകള്‍ രാജ്യത്തെ ദുര്‍ബല കുടുംബങ്ങളെ തകര്‍ത്തുകളയുന്നതിന് പ്രതിവിധി ആയാണ് ഒരു ലക്ഷം രൂപയുടെ പരിരക്ഷാ പദ്ധതി. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ചികിത്സക്ക് 30,000 രൂപ വരെ അധികം അനുവദിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രീമിയം ആര് വഹിക്കുമെന്നോ സ്വകാര്യമേഖലയുടെ പങ്കാളിത്തമുണ്ടോ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമല്ല. ഗുണമേന്മയുള്ള മരുന്നുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ജന്‍ ഒൗഷധി പദ്ധതി പ്രകാരം 3000 ജനറിക് മരുന്നു ഷോപ്പുകള്‍ ഈ സാമ്പത്തിക വര്‍ഷം തുറക്കും. വൃക്കരോഗികളുടെ എണ്ണം ആശങ്കാജനകമായി പെരുകുന്ന സാഹചര്യത്തില്‍ ദേശീയ ഡയാലിസിസ് സേവന പദ്ധതി തുടങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതിക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പണം കണ്ടെത്തേണ്ടത്. കേരളത്തില്‍ വിവിധ ജില്ലാ പഞ്ചായത്തുകളും ജീവകാരുണ്യ കൂട്ടായ്മകളും കൈകോര്‍ത്ത് വിജയകരമായി നടപ്പാക്കിവരുന്ന രീതിയാണിത്. ഡയാലിസിസ് ഉപകരണഭാഗങ്ങളെ കസ്റ്റംസ്, എക്സൈസ് തീരുവകളില്‍നിന്ന് ഒഴിവാക്കും. മാനസിക മാന്ദ്യത, ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങിയ വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കായി നടപ്പാക്കുന്ന നിരാമയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കുള്ള  14 ശതമാനം സേവന നികുതി ഇളവ് ചെയ്യും. ശാരീരിക വ്യതിയാനങ്ങളുള്ളവരുടെ സഹായ ഉപകരണങ്ങള്‍ക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ബ്രെയ്ലി കടലാസിനും ബാധകമാക്കും. 39533 കോടി രൂപയാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനായി ബജറ്റില്‍ വകയിരുത്തിയത്. ദേശീയ ആരോഗ്യ മിഷന് 20037 കോടി നല്‍കും.


45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാം
ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ ആദായനികുതി പരിധിയില്‍ മാറ്റമില്ല. വെളിപ്പെടുത്താത്ത സ്വത്തിന്‍െറ 45 ശതമാനം നികുതി നല്‍കിയാല്‍ കള്ളപ്പണം വെളുപ്പിക്കാനും ബജറ്റില്‍ പദ്ധതിയുണ്ട്. ഇതുവഴി നിയമനടപടികളില്‍നിന്ന് രക്ഷനേടാം. 30 ശതമാനം നികുതിയും 7.5 ശതമാനം സര്‍ചാര്‍ജും 7.5 ശതമാനം പിഴയുമാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ആയിരിക്കും ഈ ആനുകൂല്യം. ഇവയില്‍ ആദായനികുതി നിയമപ്രകാരമുള്ള സൂക്ഷ്മപരിശോധനയോ അന്വേഷണമോ ഉണ്ടാകില്ല. നികുതിവെട്ടിപ്പ് ഗൗരവമായി കാണുമെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നികുതിസംബന്ധമായ കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടിയെടുക്കും. കള്ളപ്പണം തടയാനും മറച്ചുവെച്ച സ്വത്ത് വെളിപ്പെടുത്താനുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. പണമായുള്ള ഇടപാടുകള്‍ നിരുത്സാഹപ്പെടുത്തിയും പാന്‍ നിര്‍ബന്ധമാക്കിയും കള്ളപ്പണം തടയും. മറച്ചുവെച്ച സ്വത്തില്‍നിന്നുള്ള 7.5 ശതമാനം സര്‍ചാര്‍ജ് കൃഷി കല്യാണ്‍ സര്‍ചാര്‍ജ് എന്നുപേരിടും. ഇത് കാര്‍ഷികമേഖലക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥക്കുമായി ഉപയോഗിക്കും.

പുതിയ നിര്‍മാണ യൂനിറ്റുകള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവ്
ന്യൂഡല്‍ഹി: പുതിയ നിര്‍മാണ യൂനിറ്റുകള്‍ക്കും ചെറുകിട നിര്‍മാണ യൂനിറ്റുകള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവ്. പുതിയ സ്ഥാപനങ്ങള്‍ക്ക് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായും അഞ്ചുകോടിയില്‍ താഴെ വിറ്റുവരവുള്ള നിര്‍മാണ യൂനിറ്റുകള്‍ക്ക് 30ല്‍നിന്ന് 29 ശതമാനമായുമാണ് കോര്‍പറേറ്റ് നികുതി കുറച്ചത്. വ്യവസായികോല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും തൊഴിലവസരം സൃഷ്ടിക്കുന്നതിനും ബിസിനസ് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പുതിയ ഉല്‍പാദകര്‍ക്ക് അഞ്ചു ശതമാനം നികുതിയിളവ് നല്‍കുന്നത്. 2016 മാര്‍ച്ച് ഒന്നിനോ ശേഷമോ തുടങ്ങുന്ന നിര്‍മാണ സ്ഥാപനങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനു പുറമേ സര്‍ചാര്‍ജുകളും സെസും ഉണ്ടാകും. മറ്റു ലാഭങ്ങളോ നിക്ഷേപവുമായി ബന്ധപ്പെട്ട കിഴിവുകളോ നിക്ഷേപ അലവന്‍സുകളോ അവകാശപ്പെടാത്ത സ്ഥാപനങ്ങള്‍ക്കാണ് യോഗ്യത. നാലു വര്‍ഷംകൊണ്ട് കോര്‍പറേറ്റ് നികുതി 25 ശതമാനത്തിലത്തെിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്‍െറ ആദ്യഘട്ടമായാണ് 29 ശതമാനത്തിലേക്ക് കുറക്കുന്നതെന്നും ധനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.