മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗത്തെ അനുകൂലിച്ച് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ന്യായീകരിച്ച് ബി.ജെ.പി എം.പി ബാബുലാല്‍. കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട വി.എച്ച്.പി പ്രവര്‍ത്തകന്‍ അരുണ്‍ മഹോറിന്‍െറ അനുശോചനയോഗത്തില്‍ എം.പിയും കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി രാംശങ്കര്‍ കത്തേരിയയുമടക്കമുള്ളവരാണ് മുസ്ലിംകള്‍ക്കെതിരെ പ്രകോപനപ്രസംഗം നടത്തിയത്.
ഹിന്ദുക്കളെ ബുള്ളറ്റുപയോഗിച്ച് ആളുകള്‍ കൊലപ്പെടുത്തുമ്പോള്‍ സമൂഹം ഒന്നിക്കണമെന്നാവശ്യപ്പെടുന്നത് തെറ്റാണോ എന്ന് ബാബുലാല്‍ ചോദിച്ചു.
ഇത്തരക്കാരോട് പ്രതികാരം ചെയ്യുന്നതിനുപകരം ആരാധിക്കുകയാണോ വേണ്ടതെന്നും എം.പി ചോദിച്ചു.എന്നാല്‍, താന്‍ വിദ്വേഷപ്രസംഗം നടത്തിയെന്ന വാര്‍ത്ത  കത്തേരിയ നിഷേധിച്ചു.
ചടങ്ങില്‍ തന്‍െറ പ്രസംഗം തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വി.എച്ച്.പി പ്രവര്‍ത്തകന്‍െറ ഘാതകന് വധശിക്ഷ നല്‍കണമെന്നാണ് താന്‍ പറഞ്ഞത്. ഇതിനെ മറ്റു മതവിഭാഗങ്ങള്‍ക്കെതിരായ യുദ്ധത്തിനുള്ള ആഹ്വാനമായി ചിത്രീകരിക്കുകയായിരുന്നു. പ്രസംഗത്തില്‍ ഏതെങ്കിലും വിഭാഗത്തെ പേരെടുത്ത് പരാമര്‍ശിച്ചില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
കത്തേരിയയുടെ പ്രസംഗം ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ബി.ജെ.പിയും ആര്‍.എസ്.എസും രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ പറഞ്ഞു. ഞായറാഴ്ച ആഗ്രയിലാണ് അനുശോചനയോഗം നടന്നത്. മുസ്ലിം യുവാക്കളാണ് അരുണ്‍ മഹോറിനെ കൊലപ്പെടുത്തിയതെന്ന് ആരോപണമുണ്ട്.
‘ഹിന്ദുക്കളെ പരീക്ഷിച്ചാല്‍ മുസ്ലിംകള്‍ ദിവസമെണ്ണിക്കഴിയേണ്ടിവരും’ എന്നാണ് ബാബുലാല്‍ മുന്നറിയിപ്പുനല്‍കിയത്.
 ‘രാക്ഷസ’രായ മുസ്ലിംകള്‍ക്കെതിരെ പ്രതികാരത്തിന് സമയമായെന്നും രക്തസാക്ഷിയായ മഹോറിന് തലയോട്ടികള്‍ കാണിക്ക സമര്‍പ്പിക്കുമെന്നും വി.എച്ച്.പി നേതാവ് അലോക് ലവാനിയ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.