ആധാര്‍ നിര്‍ബന്ധമാക്കാന്‍ ബില്‍ പാര്‍ലമെന്‍റില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളുടെയും സബ്സിഡികളുടെയും വിതരണത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്ന സുപ്രധാന ബില്‍ പാര്‍ലമെന്‍റില്‍. സുപ്രീംകോടതിയടക്കം പ്രകടിപ്പിച്ച സംശയങ്ങള്‍ ബാക്കിനില്‍ക്കേയാണ് ആധാര്‍ ബില്‍ എന്ന ചുരുക്കപ്പേരുള്ള ആധാര്‍ (പ്രത്യേക വിഭാഗ ധനകാര്യ, സബ്സിഡി, ആനുകൂല്യ, സേവന വിതരണ) ബില്‍-2016 ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍വെച്ചത്.
പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭക്കോ രാഷ്ട്രപതിക്കു തന്നെയോ തടയാന്‍ കഴിയാത്തവിധം ധനബില്ലായാണ് പാര്‍ലമെന്‍റില്‍ എത്തിച്ചത്. ധനബില്ലായി അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു. ആധാറിനും അതു നല്‍കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിട്ടിക്കും നിയമപിന്‍ബലം നല്‍കുന്നതാണ് ബില്‍. ബയോമെട്രിക് വിവരങ്ങളും മറ്റും രഹസ്യമായി സൂക്ഷിക്കാന്‍ സവിശേഷ തിരിച്ചറിയല്‍ അതോറിട്ടിയെ ബാധ്യസ്ഥമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍െറ പരിഗണനയിലാണ്. തൊഴിലുറപ്പ് പദ്ധതി, ഇ.പി.എഫ്, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവക്ക് ആധാര്‍ ഉപയോഗിക്കുന്നത് തുടാരാന്‍ ഇടക്കാല അനുമതി നല്‍കിയ ഭരണഘടനാ ബെഞ്ച് കേസില്‍ അന്തിമ വിധി പറയുന്നതുവരെ ആധാര്‍ നിര്‍ബന്ധമാക്കരുമെന്ന് ഉത്തരവിട്ടിരുന്നു. ഈ വിധി  നിലനില്‍ക്കെയാണ് ബില്‍ കൊണ്ടുവന്നത്.
യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്നതില്‍നിന്ന് വ്യത്യസ്തമായ ബില്‍ ആണിതെന്ന് മന്ത്രി ജെയ്റ്റ്ലി പറഞ്ഞു.

ബില്‍ ഒറ്റനോട്ടത്തില്‍
•നിലവില്‍ സര്‍ക്കാര്‍ ഉത്തരവിന്‍െറ പിന്‍ബലത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിട്ടിക്ക് ആധാര്‍ ബില്‍ വഴി നിയമപ്രാബല്യം ലഭിക്കും.  
• സര്‍ക്കാറിന്‍െറ സബ്സിഡി, ആനുകൂല്യം, സേവനം എന്നിവ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാകും.
• ആധാര്‍ കാര്‍ഡ് പൗരത്വരേഖയായി പരിഗണിക്കില്ല.
• ആധാറിനായി ശേഖരിക്കുന്ന പൗരന്മാരുടെ ബയോ മെട്രിക് വിവരങ്ങള്‍ ഐ.ടി ആക്ട് പ്രകാരമുള്ള ‘രഹസ്യസ്വഭാവമുള്ള വിവരം’ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തും. ഈ വിവരങ്ങള്‍ അതോറിറ്റി പുറത്തുള്ളവരുമായി പങ്കുവെക്കില്ല.   
• ബയോമെട്രിക് വിവരങ്ങള്‍ ഒഴികെയുള്ളവ നിബന്ധനകള്‍ക്ക് വിധേയമായി പങ്കുവെക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിവരങ്ങള്‍ എങ്ങനെ, ആരുമായി പങ്കുവെച്ചുവെന്ന് അതോറിറ്റി ബന്ധപ്പെട്ടയാളെ അറിയിക്കണം. സ്ഥാപനങ്ങള്‍ക്ക് നിശ്ചിത തുക അടച്ച് ഒരാളുടെ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ അതോറിറ്റിയുടെ സഹായം ഉപയോഗപ്പെടുത്താം. അങ്ങനെ ചെയ്യാന്‍ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വ്യക്തിയുടെ സമ്മതം മുന്‍കൂര്‍ നേടിയിരിക്കണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.