ന്യൂഡല്‍ഹി: വര്‍ഗീയ വിദ്വേഷം വളര്‍ത്താനും ധ്രുവീകരണം സൃഷ്ടിക്കാനും സംഘ്പരിവാര്‍ നേതാക്കള്‍ നടത്തുന്ന പ്രകോപന പ്രസംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാത്തത് ആശങ്കാജനകമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ്. പ്രസംഗത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി ക്ളീന്‍ ചിട്ട് നല്‍കുന്നതും കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്തതും സര്‍ക്കാറും ഭരണകക്ഷിയും അക്രമവും വെറുപ്പും വളര്‍ത്തുന്നവരോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ ധ്രുവീകരിച്ച് ലാഭമുണ്ടാക്കാനാണ്് മന്ത്രിമാര്‍ ഉള്‍പ്പെടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നത്. ഈ കെണിയില്‍ ജനം വീഴരുത്. വികസനം നടപ്പാക്കുന്നതില്‍ പൂര്‍ണ പരാജയമായ സര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നത് തിരിച്ചറിയുമെന്നും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കുമെന്നും അവര്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ വിദ്യാഭ്യാസം, ആരോഗ്യം, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ സാമൂഹിക മേഖലകള്‍ക്ക് ആവശ്യമായ വിഹിതം നല്‍കിയിട്ടില്ല. ജെ.എന്‍.യു വിഷയത്തില്‍ സര്‍ക്കാറിന് വന്‍ പിഴവു സംഭവിച്ചു. വിദ്യാര്‍ഥികളെ ദേശദ്രോഹമുദ്ര കുത്താന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ കൂട്ടുനിന്നതും പട്യാല ഹൗസ് കോടതിയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരെ നടന്ന അതിക്രമവും പ്രതിഷേധാര്‍ഹമാണ്. നിയമവിരുദ്ധമായി എന്തെങ്കിലും ജെ.എന്‍.യുവില്‍ നടന്നിട്ടുണ്ടെങ്കില്‍ അപലപിക്കുന്നുവെന്നും ഇക്കാര്യം തീരുമാനിക്കേണ്ടത് നീതിപീഠമാണെന്നും നേതാക്കള്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്‍റ് നുസ്റത്ത് അലി, സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം എന്‍ജിനീയര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.